ന്യൂഡല്‍ഹി: (www.malabarflash.com) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായ പാക്കേജ് സംബന്ധിച്ച് ആരോഗ്യമന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാണ്‍. പി. കരുണാകരന്‍ എം.പിയുടെ ശ്രദ്ധക്ഷണിക്കലിന് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
എന്‍ഡോസള്‍ഫാന്‍ പാക്കേജ് സംബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ ആരോഗ്യമന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അഞ്ചു കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. വിഷയം ആരോഗ്യമന്ത്രാലയത്തിലേക്ക് തട്ടിയിട്ട് തലയൂരിയ മന്ത്രി ഇതേക്കുറിച്ച് എന്തെങ്കിലും ഉറപ്പുനല്‍കാനും തയാറായില്ല.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യത്തില്‍ യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നയം തുടരുകയാണ് എന്‍.ഡി.എ സര്‍ക്കാറെന്ന് പി. കരുണാകരന്‍ കുറ്റപ്പെടുത്തി. 2004 മുതല്‍ ഇക്കാര്യം ലോക്സഭയില്‍ ഉന്നയിക്കുന്നു. എല്ലാ തവണയും മന്ത്രിമാര്‍ നല്‍കിയ മറുപടി ഒന്നുതന്നെ.
എന്‍ഡോസള്‍ഫാന്‍ കാരണം, ജീവിതം തകര്‍ന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനെക്കുറിച്ച് മന്ത്രിമാര്‍ കുറ്റകരമായ മൗനം തുടരുകയാണ്. ഡി.വൈ.എഫ്.ഐയുടെ ഹരജിയെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിനുശേഷം മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രം തയാറായത്.
നിരോധത്തിനുശേഷവും എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടാണ് സര്‍ക്കാറിന്‍െറ ശാസ്ത്രജ്ഞര്‍ സ്വീകരിക്കുന്നത്.കീടനാശിനി കമ്പനികളുടെ സ്വാധീനത്തിന് വഴങ്ങി നമ്മുടെ പൗരന്മാരെയും പരിസ്ഥിതിയെയും നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ഇക്കൂട്ടര്‍.
എന്‍ഡോസള്‍ഫാന്‍െറ ഉപയോഗം കാരണം ദുരിതത്തിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത അത് നിര്‍മിച്ച് വിതരണംചെയ്ത കമ്പനികള്‍ക്കുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും പി. കരുണാകരന്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment