Latest News

തീര്‍ഥാടക സംഘത്തിന്റെ ബസില്‍ ലോറി ഇടിച്ചു; മൂന്നു മരണം

കോഴിക്കോട്: രാമനാട്ടുകര ദേശീയപാത ബൈപാസ് ജംക്ഷനില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ ചരക്കു ലോറിയിടിച്ചു മൂന്നു പേര്‍ മരിച്ചു. 43 പേര്‍ക്കു പരുക്കേറ്റു. ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ ചോറ്റുപാറ കെ.ബി. ചന്ദ്രശേഖര പിള്ള(60), നെടുങ്കണ്ടം താന്നിമൂട് മണമേല്‍ രാജീവിന്റെ ഭാര്യ അനൂപ(30), കമ്പംമെട്ട് മന്തിപ്പാറ കൊച്ചറ മുത്തനാട്ട് പറമ്പ് സതീഷിന്റെ മകള്‍ ജയലക്ഷ്മി(13) എന്നിവരാണു മരിച്ചത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടത്തില്‍പെട്ടത്. പാലക്കാടു നിന്നു കാഞ്ഞങ്ങാട്ടേക്കു റബറുമായി പോയ ലോറി ജംക്ഷനിലേക്കു പ്രവേശിക്കുന്നതിനിടെ ബസിന്റെ മധ്യഭാഗത്തായി ഇടിക്കുകയായിരുന്നു. കനത്ത മഴയത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിലേക്കു മറിഞ്ഞ ബസ് 55 മീറ്ററോളം നിരങ്ങി നീങ്ങി വഴിയരികിലെ മരത്തില്‍ തട്ടിയാണു നിന്നത്. ചന്ദ്രശേഖര പിള്ളയും അനൂപയും ബസില്‍ നിന്നു തെറിച്ചു വീണു സംഭവസ്ഥലത്തു മരിച്ചു. ജയലക്ഷ്മി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു.

അപകട സമയം യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നവര്‍ പുറത്തു കടക്കാനാകാതെ ബസിനുള്ളില്‍ കുടുങ്ങി. പൊലീസും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നു ബസിന്റെ ചില്ലുടച്ചും മറ്റുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ എത്തിച്ചു മുക്കാല്‍ മണിക്കൂറോളം പണിപ്പെട്ടു ബസുയര്‍ത്തിയ ശേഷമാണു പരുക്കേറ്റവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റിയത്. ബൈപാസ് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ലോറി ഡ്രൈവര്‍ക്കു കാര്യമായ പരുക്കില്ല. ഇയാള്‍ ട്രാഫിക് പൊലീസിന്റെ കസ്റ്റഡിയിലാണ്.

നെടുങ്കണ്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ അനൂപയും ഡ്രൈവറായ ഭര്‍ത്താവ് രാജീവും ഒപ്പമാണു യാത്ര തിരിച്ചത്. പിതാവ്: പരേതനായ വര്‍ക്കി. മാതാവ്: രാജമ്മ. 

ചന്ദ്രശേഖരപിള്ള (60) നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: മിനി, അരുണ്‍, കിരണ്‍, പ്രവീണ്‍.

ജയലക്ഷ്മി ചേറ്റുകുഴി മാര്‍ ഇവാനിയോസ് ബഥനി പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ് ഷിജിയോടും സഹോദരി ജ്യോതിലക്ഷ്മിയോടുമൊപ്പമാണു തീര്‍ഥാടനത്തിനു പുറപ്പെട്ടത്.

പരുക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നെടുങ്കണ്ടം ലീലാമണി(53)യുടെ നില ഗുരുതരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍: എര്‍ണാപുരം സ്വദേശികളായ സോമശേഖരന്‍ നായര്‍(65), പൊന്നമ്മ(60), നെടുങ്കണ്ടം സ്വദേശികളായ അഥര്‍വ്(5), അര്‍ച്ചന(5), ഗാന്ധി നാഗരാജ്(56), സുജാത (45), രതീഷ്(30), രാമചന്ദ്രന്‍ നായര്‍(62), ദിവ്യ(31), വിദ്യ(36), തങ്കമ്മ(65), അശ്വതി(7), ബിജു(34), സതീഷ്(21), ഉണ്ണികൃഷ്ണന്‍(52), ഓമനയമ്മ(68), പത്മാവതി(54), ഷിജി(33), സരസ്വതിയമ്മ(56), സുധീന്ദ്രന്‍(39), അഭിഷേക്(40), ഷൈല(42), സത്യരാജന്‍(44), പുഷ്പ(38), രാജീവ്(32), ആദിത്യ രാജ്(6), അച്യുത രാജ്(7), ബാലഗ്രാം സ്വദേശികളായ മല്ലിക(52), ഇന്ദിര(49), ശോഭന(51), മറ്റക്കര സ്വദേശി മന്മഥന്‍(51), കങ്ങണാപുരം സ്വദേശികളായ കാഞ്ചന(44), കൃഷ്ണജ(14), കമ്പംമേട് സ്വദേശികളായ വിസ്മയ(17), അജികുമാര്‍(43), അഭിജിത്ത്(14), മന്തിപ്പാറ സ്വദേശികളായ ജ്യോതിലക്ഷ്മി(9), കല്ലാര്‍ സ്വദേശികളായ ശാന്തമ്മ(60), ഇടുക്കി ശശി(42), സൂരജ്(12), ദീപ(31), വിഷ്ണു(21).

10നു വൈകിട്ടാണു നെടുങ്കണ്ടം ചൈത്രം ട്രാവല്‍സിന്റെ രണ്ടു ബസുകളിലായി നൂറോളം പേര്‍ തീര്‍ഥാടനത്തിനു പുറപ്പെട്ടത്. ഗുരുവായൂര്‍, കാടാമ്പുഴ, പറശിനിക്കടവ് എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണു മൂകാംബികയ്ക്കു പോയത്.

Keywords: Calicut, Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.