Latest News

മരണം മുറിച്ചെറിഞ്ഞ സൗഹൃദ ചില്ലയില്‍ അബിന്‍ സുരി തനിച്ച്

കോഴിക്കോട്: [www.malabarflash.com] മരണവൃത്താന്തങ്ങള്‍ പുതുമയല്ലാത്ത മെഡിക്കല്‍ കോളജിന്‍െറ വരാന്തകള്‍ അകലത്തുനിന്നത്തെിയ ആ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. ഒന്നിച്ച് തോളില്‍ കൈയിട്ട് ഒരേ പാഠങ്ങള്‍ പഠിച്ച് ഒരുപോലെ ജോലി ചെയ്ത മൂന്നുപേര്‍. നേപ്പാളില്‍ ആയിരങ്ങളുടെ ജീവനെടുത്ത ഭൂകമ്പം അവരില്‍ ബാക്കിയാക്കിയത് അബിന്‍ സുരിയെ മാത്രം.

കാസര്‍കോട് ആനബാഗിലുവിലെ ഡോ. എ.എസ്. ഇര്‍ഷാദും (26) കണ്ണൂര്‍ കേളകം സ്വദേശി കളപ്പുരക്കല്‍ ഡോ. ദീപക് കെ. തോമസും (25) നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവിവരം വിശ്വസിക്കാനാവാതെ തരിച്ചുനില്‍ക്കുകയാണ് കേഴിക്കോട് മെഡിക്കല്‍ കോളജ്. 

ആറുവര്‍ഷം മെഡിക്കല്‍ കോളജിലെ ഒരേ ബാച്ചില്‍ ഒരുമിച്ചുപഠിച്ച കൂട്ടുകാരായിരുന്നു ഇര്‍ഷാദും ദീപക് തോമസും അബിന്‍ സുരിയും. എം.ബി.ബി.എസ് കഴിഞ്ഞ് ജോലിക്ക് കയറിയത് മൂന്നുപേരും മാനന്തവാടി ആശുപത്രിയില്‍. ക്ളാസ് മുറിയില്‍നിന്ന് കണ്ടെടുത്ത് ജീവിതത്തിലും അറ്റുപോകാതെ കാത്ത സൗഹൃദമാണ് ഒടുവില്‍ മഞ്ഞുമലകളില്‍ വിധി അറുത്തുമാറ്റിയത്.

അബിന്‍ സുരിക്ക് കാര്യമായ പരിക്കേറ്റെന്നും മറ്റ് രണ്ടുപേര്‍ റെഡ് ക്രോസ് ക്യാമ്പില്‍ സുരക്ഷിതരാണെന്നുമുള്ള വാര്‍ത്തയാണ് തലേദിവസം വരെ നാട്ടിലത്തെിയത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ രണ്ടുപേരും മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

2007ലാണ് എം.ബി.ബി.എസിന് മൂവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു മൂവര്‍ സംഘം. കോളജിന്‍െറ ഇടനാഴികളില്‍ മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു ദീപക്കിന്‍േറത്. 

ഒരുമിച്ചു പഠിച്ചവരെയും ജൂനിയര്‍ ബാച്ചുകളെയും ഒരുപോലെ ത്രസിപ്പിച്ച പ്രസംഗങ്ങള്‍. തെരഞ്ഞെടുപ്പുകാലത്ത് ഇന്‍ഡിപെന്‍ഡന്‍ഡ് യൂനിയനുവേണ്ടി നടത്തിയ ചൂടേറിയ പ്രസംഗങ്ങള്‍. വിദ്യാര്‍ഥി സമരങ്ങളില്‍ മുന്നില്‍ നിന്നുനയിച്ച നേതൃത്വ പാടവം. അതോടൊപ്പം കഥയെയും കവിതയെയും എഴുത്തിനെയും സ്നേഹിച്ച വ്യക്തിത്വം അതായിരുന്നു കൂട്ടുകാര്‍ക്ക് ദീപക്. കോളജ് യൂനിയനില്‍ സ്റ്റുഡന്‍റ് എഡിറ്ററായിരുന്നു.

മൂന്നുപേരും പഠനത്തില്‍ മിടുക്കര്‍. കോളജിലെ എല്ലാ പരിപാടികളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സുഹൃത്തുക്കളുടെ കഥയാണ് ഒപ്പം പഠിച്ചവര്‍ക്ക് ഓര്‍മപ്പെടുത്താനുള്ളത്. യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെങ്കിലും ക്ളാസിലെ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഇര്‍ഷാദും അബിനും മുന്‍പന്തിയില്‍ തന്നെയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

പി.ജി അഡ്മിഷന്‍ കിട്ടിയ മൂവരും പഠനം തുടങ്ങുന്നതിനുമുമ്പ് വിനോദയാത്ര പോയതായിരുന്നു. ചിരിച്ചുല്ലസിച്ച് നീങ്ങിയയാത്ര ദുരന്തമായി കലാശിച്ചതില്‍ വിശ്വസിക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് ആതുരപഠനാലയം.
(കടപ്പാട്: മാധ്യമം)

Keywords:Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.