Latest News

വൈദ്യവും വാര്‍ഡുമില്ല; യുവതിക്ക് വീട്ടില്‍ സുഖപ്രസവം

മണ്ണഞ്ചേരി: [www.malabarflash.com] ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ ഭര്‍ത്താവിന്റെ പരിചരണയില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചിറപ്പുറത്ത് മുഹമ്മദ് യൂനുസ് മേത്തരുടെ ഭാര്യ ബിസ്മി (19) ആണ് ഡോക്ടറുടെ നിര്‍ദേശമോ മരുന്നോയില്ലാതെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി വീട്ടില്‍ പ്രസവിച്ചതറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. മാതാവും കുഞ്ഞും പൂര്‍ണസുഖമായിരിക്കുന്നെന്ന് ഉറപ്പാക്കിയാണ് ആരോഗ്യവകുപ്പ് സംഘം മടങ്ങിയത്.

പ്രകൃതി ചികിത്സയെ മാത്രം ആശ്രയിച്ച് ഗര്‍ഭകാലം കഴിച്ചുകൂട്ടിയ ബിസ്മി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവിച്ചത്. 2.800 ഗ്രാം തൂക്കമുള്ള കുട്ടിയെ പരസഹായമില്ലാതെ പൊക്കിള്‍ കൊടി വേര്‍പെടുത്തി പുറത്തെടുത്തതും യൂനുസ് തന്നെ. 

കായംകുളം ചൂനാട് പാലപ്പള്ളി വീട്ടില്‍ അഷ്‌റഫിന്റെയും ഫാത്തിമ ബീവിയുടെയും മകള്‍ ബിസ്മിയെ 2014 മെയ് അഞ്ചിനാണ് യൂനുസ് വിവാഹം ചെയ്തത്. ഗര്‍ഭം ധരിച്ചെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തെ സമീപിക്കുന്നതിനോട് ഇരുവര്‍ക്കും വിയോജിപ്പായിരുന്നു. യൂനുസിന്റെ രണ്ട് സഹോദരിമാരെയും ജ്യേഷ്ടത്തിയേയും സിസേറിയന് വിധേയരാക്കിയിരുന്നു. ഇതാണ് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ബിസ്മി പ്രകൃതിചികിത്സയെ ആശ്രയിക്കാന്‍ കാരണം. 

ഏഴാം മാസം മുതല്‍ പഴവര്‍ഗങ്ങളും ഈത്തപ്പഴവും കരിക്കിന്‍ വെള്ളവും മാത്രമാണ് ഭക്ഷണമായി ഉപയോഗിച്ചത്. പ്രസവത്തിന് മുമ്പുവരെ വീട്ടുജോലികള്‍ നിര്‍വഹിക്കുന്നതിന് ബിസ്മിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. പ്രസവ സമയത്ത് എറണാകുളം പാലാരിവട്ടം സ്വദേശികളായ ഹിലാലും ഭാര്യ ബിജിയുമാണ് യൂനുസിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. 

അചഞ്ചലമായ വിശ്വാസവും പ്രാര്‍ഥനയുമാണ് ഇത്തരത്തിലുള്ള തീരുമാനത്തിന് പ്രേരണയായതെന്ന് പൊന്നാട് മഹല്ലിലെ ഖുര്‍ആന്‍ അധ്യാപകന്‍ കൂടിയായ ഹാഫിസ് യൂനുസ് പറഞ്ഞു.

Keywords:Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.