Latest News

തൂണേരി അക്രമം: പ്രധാന പ്രതി വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ പിടിയില്‍

നാദാപുരം: (www.malabarflash.com)തൂണേരി വെള്ളൂരില്‍ കഴിഞ്ഞ ജനുവരി 22നു രാത്രി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നു പിറ്റേന്നു നടന്ന വ്യാപകമായ കൊള്ളയും തീവയ്പും അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി ചെക്യാട്ടെ കല്ലറയില്‍ മനോജനെ (30) കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരിയില്‍നിന്ന് ഖത്തറിലേക്കു കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാകുന്നത്.

നാദാപുരം പൊലീസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം മനോജനെ തടഞ്ഞു വയ്ക്കുകയായിരുന്നു. രണ്ടു വീടുകള്‍ തീ വച്ച കേസില്‍ ചിയ്യൂരിലെ ചുണ്ടമ്മല്‍ വിനു (32) വിനെ എഎസ്‌ഐ മധു കുറുപ്പത്തിന്റെ നേതൃത്വത്തിലും അറസ്റ്റ് ചെയ്തു. ഇതോടെ തൂണേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 95 ആയി.

ഖത്തറില്‍ പെയിന്റിങ് ജോലിക്കാരനായ ചെക്യാട്ടെ കല്ലറയില്‍ മനോജന്‍ അവധിക്കു നാട്ടിലെത്തിയതിനിടയിലാണ് ഷിബിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായി കൂട്ടുകാരൊന്നിച്ച് കാറിലെത്തിയതും വീടുകള്‍ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കിയതുമെന്നു പൊലീസ് അറിയിച്ചു. ഒരു വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ഊരി വാങ്ങിയ സ്വര്‍ണമാലയുടെ ഭാഗമാണ് ഞായറാഴ്ച പൊലീസ് കണ്ടെത്തിയത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളൂരിലെ കോടഞ്ചേരി പള്ളിപ്പറന്‍പത്ത് ആയിശ, വെള്ളച്ചാലില്‍ ആയിശ എന്നിവരുടെ വീടുകളില്‍ നിന്ന് സ്വര്‍ണവും സാധനങ്ങളും അപഹരിച്ച ശേഷം വീടുകള്‍ അടിച്ചു തകര്‍ത്തത് മനോജന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ വീടുകളില്‍ തെളിവെടുപ്പിനെത്തിച്ച മനോജനെ വീട്ടുകാര്‍ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു മൂന്നു വീടുകളില്‍ നടന്ന അക്രമങ്ങളുമായും മനോജനും സംഘത്തിനും ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. അപഹരിച്ച സ്വര്‍ണത്തിന്റെ ബാക്കി കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

മനോജന്റെ കൂട്ടാളികളായ ചെക്യാട്ടെ നെരവത്ത് ലിനീഷ് എന്ന ഗിരീശന്‍ (30), തട്ടാന്റവിട ഷാജി (33) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മനോജനാണ് പ്രധാനി എന്നു വ്യക്തമായത്. ഇയാള്‍ ഖത്തറിലേക്കു പുറപ്പെട്ടു എന്നറിഞ്ഞ ഉടന്‍ പൊലീസ് എല്ലാ വിമാനത്താവളങ്ങളിലേക്കും സന്ദേശം നല്‍കിയതിനാലാണ് പിടികൂടാനായത്.

എസ്‌ഐമാരായ കെ.ടി. ശ്രീനിവാസന്‍, സുനില്‍കുമാര്‍, എഎസ്‌ഐ നസീര്‍, എസ്‌സിപിഒമാരായ അങ്കജന്‍, ബാലകൃഷ്ണന്‍, സിപിഒമാരായ ഗിരീശന്‍, രാജഗോപാല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.