Latest News

വിവാഹ മുഹൂര്‍ത്തത്തില്‍ വധു വരന്റെ ചെകിട്ടത്തടിച്ചു; കതിര്‍മണ്ഡപം സംഘര്‍ഷവേദിയായി

തിരുവനന്തപുരം: (www.malabarflash.com)വിവാഹ മുഹൂര്‍ത്തത്തില്‍ വരന്റെ ചെകിട്ടത്തടിച്ച വധു, കല്യാണപ്പുടവയും താലിമാലയും വലിച്ചെറിഞ്ഞതോടെ കതിര്‍മണ്ഡപം സംഘര്‍ഷവേദിയായി. ഇരുകൂട്ടരുടെയും ബന്ധുക്കള്‍ തമ്മില്‍ വാഗ്വാദവും ഉന്തും തള്ളുമായി. വധൂപിതാവ് മോഹാലസ്യപ്പെട്ടു വീണു. തുടര്‍ന്നു പൊലീസെത്തി രംഗം ശാന്തമാക്കി. സ്‌റ്റേഷനില്‍ വിളിച്ച ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ വരന്റെ വീട്ടുകാര്‍ക്കു 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വധുവിന്റെ കുടുംബം സമ്മതിച്ച് ഇരുകൂട്ടരും പിരിഞ്ഞു. വധുവിന്റെ മനംമാറ്റത്തിനു കാരണം വ്യക്തമല്ല.

പഴകുറ്റിയിലെ ഹാളില്‍ തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വരന്‍ ബന്ധുക്കളുടെ അനുഗ്രഹം വാങ്ങി മണ്ഡപത്തില്‍ ഇരുന്നു. പിന്നാലെ എല്ലാവരുടെയും അനുഗ്രഹാശിസുകളോടെ മണ്ഡപത്തിലേക്കു കയറിയ വധു വരനെ ആഞ്ഞടിക്കുകയായിരുന്നു. പുടവകളും താലിമാലയുമായി വരനു സമീപം വച്ചിരുന്ന തട്ടം വലിച്ചെറിയുക കൂടി ചെയ്തതോടെ എല്ലാവരും സ്തംഭിച്ചുപോയി. പിന്നീടു ചേരിതിരിഞ്ഞു ബഹളമായി.

ഹാളിനു പുറത്തു നിന്നിരുന്നവരും അകത്തേക്കു തള്ളിക്കയറി. ഏതാണ്ടു 2500 പേര്‍ വിവാഹത്തിനെത്തിയിരുന്നു. അക്രമാസക്തരായി ചിലര്‍ മണ്ഡപത്തിലേക്കു ചാടിക്കയറിയതോടെ വധുവിനെ അവിടെ നിന്നു മാറ്റി. അപ്പോഴേക്കും പൊലീസെത്തിയാണു സ്ഥിതി നിയന്ത്രിച്ചത്. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വധുവിന് എതിര്‍പ്പുള്ളതായി ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നു വരന്റെ ബന്ധുക്കള്‍ അറിയിച്ചു. ഒരാഴ്ച മുന്‍പും വരന്റെ ജ്യേഷ്ഠനും മറ്റും വധൂഗൃഹത്തിലെത്തി ഒരുക്കങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.