Latest News

സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി കുവൈത്തില്‍ മയക്കു മരുന്ന് കേസില്‍പ്പെട്ട കാഞ്ഞങ്ങാട്ടെ യുവാവിന് അഞ്ചു വര്‍ഷം തടവ്‌

കാഞ്ഞങ്ങാട് : (www.malabarflah.com)കുവൈത്തിലെ വിശ്വസ്ത സുഹൃത്തിന്റെ ചതിയില്‍ പെട്ട് കുവൈത്തില്‍ മയക്കു മരുന്ന് കേസില്‍ കുടുങ്ങിയ കാഞ്ഞങ്ങാട് മീനാപ്പീസിലെ അബൂബക്കറിന്റെയും കുഞ്ഞാസ്യയുടെയും മകന്‍ ചേലക്കാടത്ത് റാഷിദിനെ (25) കുവൈത്ത് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

കുവൈത്തിലെ അബ്ബാസിയയില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായ റാഷിദ് അവധി കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് രാത്രിയിലാണ് കുവൈത്തിലേക്ക് മടങ്ങിയത്. വിമാനത്താവളത്തില്‍ റാഷിദിന്റെ ലഗേജില്‍ നിന്ന് മയക്കു മരുന്ന് എന്നു സംശയിക്കുന്ന പാക്കറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിനെ അധികൃതര്‍ പിടികൂടി സഫ ജയിലിലടച്ചിരുന്നു. 

സുഹൃത്ത് പഴയങ്ങാടി മാട്ടൂലിലെ ഫവാസ് കുവൈത്തിലുള്ള തന്റെ പിതാവിനെ ഏല്‍പ്പിക്കാന്‍ മറ്റൊരു സുഹൃത്ത് വഴി കാഞ്ഞങ്ങാട്ട് റാഷിദിന് എത്തിച്ചു കൊടുത്ത പാക്കറ്റിലായിരുന്നു മയക്കു മരുന്ന്. കണ്ണടയും മരുന്നും അടങ്ങുന്ന പാക്കറ്റാണെന്നാണ് ഫവാസ് റാഷിദിനെ ധരിപ്പിച്ചത്.
അത് വിശ്വസിച്ച് പാക്കറ്റ് വാങ്ങി ഭദ്രമായി ലഗേജില്‍ വക്കുകയും റാഷിദ് കുവൈത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. 

റാഷിദിനെ സ്വീകരിക്കാന്‍ സുഹൃത്തുക്കള്‍ വിമാനത്താവളത്തിനു വെളിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. നേരം പുലരും വരെ കാത്ത് നിന്നിട്ടും റാഷിദിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് മയക്കു മരുന്നുമായി പിടിയിലായ വിവരം തിരിച്ചറിഞ്ഞത്. 

ജയിലില്‍ അടക്കപ്പെട്ട റാഷിദിനെ കുവൈത്തിലെ മലയാളികളായ ചില മാധ്യമ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ ശ്രമ ഫലമായി ജാമ്യം നേടിക്കൊടുക്കാന്‍ കഴിഞ്ഞു.
ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് റാഷിദിനെ അഞ്ച് വര്‍ഷം കോടതി ശിക്ഷിച്ചത്. ഇതേ തുടര്‍ന്ന് ജനകീയ സമിതി മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അപ്പീല്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ റാഷിദിനെ ജയിലിലടച്ചിട്ടില്ല. മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു കഴിഞ്ഞതായി റാഷിദ് കഴിഞ്ഞ ദിവസം വീട്ടുകാരെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ചറിയിച്ചു.
റാഷിദിനെ ചതിച്ച ഫവാസിനും പാക്കറ്റ് കാഞ്ഞങ്ങാട്ട് എത്തിച്ചു കൊടുത്ത ഫവാസിന്റെ സുഹൃത്തിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും സുഹൃത്തിനെ മാത്രമേ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. മുഖ്യസൂത്രധാരനായ ഫവാസിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സംഭവം നടക്കുമ്പോള്‍ കുവൈത്തിലായിരുന്ന ഫവാസ് മയക്കു മരുന്ന് കേസ് കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ അവിടെ നിന്ന് തടി തപ്പുകയായിരുന്നു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.