Latest News

മുസ്ലിം യൂത്ത് ലീഗ് യുവജന കേരളയാത്രക്ക് തുടക്കം

തിരുവനന്തപുരം: ‘വര്‍ഗീയതക്കെതിരെ മതേതര കേരളം’ സന്ദേശവുമായി മുസ്ലിം യൂത്ത് ലീഗ് യുവജന കേരളയാത്രക്ക് തുടക്കമായി. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

കേരളത്തിലേക്ക് വര്‍ഗീയത ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുന്ന മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരതയിലും മതസഹിഷ്ണുതയിലുമുള്ള കേരളത്തിന്‍െറ മഹനീയമാതൃക രാജ്യത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനായിരിക്കണം യാത്ര ഊന്നല്‍നല്‍കേണ്ടത്. 

മതം ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പ്പിക്കേണ്ടതല്ല. പണ്ട് വൈദേശികരായിരുന്നു നമ്മുടെ ശത്രുക്കളെങ്കില്‍ ഇന്ന് വര്‍ഗീയവാദികളാണ് ശത്രുക്കള്‍. ഇത് ബഹുസ്വരതക്കും മതേതരത്വത്തിനും വെല്ലുവിളിയാണ്. ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ സമൂഹം മുന്നോട്ടുവരണമെന്നും തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് നടത്തുന്ന യുവകേരള യാത്രയുടെ ഹരിതപതാക അദ്ദേഹം ജാഥാ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്‍റുമായ പി.എം. സാദിഖലിക്ക് കൈമാറി.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷതവഹിച്ചു. വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന ജാഥയാണ് യൂത്ത്ലീഗ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ എത്രമാറിയാലും കേരളം മാറാന്‍ ലീഗ് സമ്മതിക്കില്ല. ഇടതുപക്ഷം ഭരിച്ച പശ്ചിമബംഗാളില്‍ കുട്ടികള്‍ ഇപ്പോഴും ബീഡിതെറുക്കുകയാണ്. പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ പട്ടിണിയിലാണ്. കേരളത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പുരോഗതിയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചത് മതത്തിന്‍െറ പേരില്‍ ഇന്ത്യന്‍ ജനതയെ വിഭജിക്കാനാണെന്നും അതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ മതേതരത്വത്തിന്‍െറ സന്ദേശമാണ് ഉയര്‍ത്തിയതെന്നും തുടര്‍ന്ന് സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഓര്‍മിപ്പിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ പി.കെ.കെ. ബാവ, മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, രാജ്യസഭാ സ്ഥാനാര്‍ഥി പി.വി. അബ്ദുല്‍ വഹാബ്, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജാഥാ ഡയറക്ടര്‍ കെ.എം. അബ്ദുല്‍ ഗഫൂര്‍, ടി.എ. അഹമ്മദ് കബീര്‍, ബീമാപള്ളി റഷീദ്, തോന്നക്കല്‍ ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 യൂത്ത് ലീഗ്  സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ സ്വാഗതവും ഷഹീര്‍ജി അഹമ്മദ് നന്ദിയും പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച യുവജനറാലി എ.കെ. മുസ്തഫ ഫ്ളാഗ് ഓഫ് ചെയ്തു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.