Latest News

നേപ്പാള്‍ ഭൂകമ്പത്തില്‍ കാണാതായ ഡോ. ഇര്‍ഷാദിന്റെയും ഡോ. ദീപക് തോമസിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട്: [www.malabarflash.com] നാലുദിവസത്തെ നാടിന്റെ പ്രാര്‍ഥനയും കണ്ണീരും വിധിയെ മാറ്റിയെഴുതാനായില്ല. ദുരന്തഭൂമിയില്‍ നിന്നും ഹൃദയം നുറുങ്ങുന്ന വാര്‍ത്ത ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടറിയുന്നത്. നേപ്പാള്‍ ഭൂകമ്പത്തില്‍ കാണാതായ ഡോ. ഇര്‍ഷാദിന്‍ന്റെയും ഡോ. ദീപക് തോമസിന്റെയും മൃതദേഹം കണ്ടെത്തി.

അബുദാബിയിലായിരുന്ന ഡോ. ഇര്‍ഷാദിന്റെ സഹോദരന്‍ ലിയാഖത്ത് അലി ഡല്‍ഹി വഴി നേപ്പാളിലെത്തിയാണ് സഹോദരന് വേണ്ടി തിരച്ചില്‍ നടത്തിയത്. ആദ്യം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ആസ്പത്രിയില്‍ എത്തി പരിക്കേറ്റവരില്‍ ഇര്‍ഷാദ് ഉണ്ടോയെന്ന് തിരഞ്ഞു. ഇര്‍ഷാദിന്റെ നിശ്വാസത്തിന് കൊതിച്ച് കണ്ണീരോടെ ഓരോ കിടക്കയും പിന്നിടുമ്പോഴും സഹോദരന്റെ ഹൃദയമിടിപ്പ് ഏറി വന്നു. ഒടുവില്‍ മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍ ഒന്നൊന്നായി നോക്കിയപ്പോഴാണ് ചേതനയറ്റുകിടക്കുന്ന കൂടപ്പിറപ്പിനെ ലിയാഖത്ത് അലി കാണുന്നത്. 

കാഴ്ച പോലും സത്യമായിരിക്കരുതേയെന്ന് പ്രാര്‍ത്ഥിച്ച നിമിഷമായിരിക്കണം അത്. ലിയാത്ത് അലി ഒന്നു കൂടി ഉറപ്പിക്കാന്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചു. കണ്ണീരോടെ തൊണ്ടയിടറിക്കൊണ്ട് ലിയാഖത്ത് അലി നാട്ടിലറിയിച്ചു. ഇനി പ്രതീക്ഷ വേണ്ട. ഇര്‍ഷാദ് നമ്മെ വിട്ടുപോയിരിക്കുന്നു.
ഇര്‍ഷാദിന്റെ മൃതദേഹത്തിനരികില്‍ നിന്നാണ് കണ്ണൂര്‍ കേളകത്തെ ദീപക് തോമസിന്റെ മൃതദേഹവും കണ്ടെത്തുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് ദീപകിന്റെയും മൃതദേഹം തിരിച്ചറിഞ്ഞത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇര്‍ഷാദും ദീപക് തോമസും വടകര സ്വദേശി അബിന്‍ സുരിയും എം.ബി.ബി.എസ്. കഴിഞ്ഞത്. പഠിക്കാന്‍ മിടുക്കരായിരുന്ന മൂവരും മെറിറ്റിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് എം.ഡിക്ക് പഠിക്കാന്‍ മൂവരും തയ്യാറാവുന്നത്. ആസാമിലായിരുന്നു എം.ഡിക്ക് പ്രവേശനം നേടിയത്. 

മൂവരും അഡ്മിഷന് ശേഷം കിട്ടിയ അവധി ദിവസമാണ് വിനോദയാത്രപോകാന്‍ തീരുമാനിച്ചത്. നേപ്പാള്‍ തിരഞ്ഞെടുത്തതും യാദൃശ്ചികമാവണം. യാത്രാവിവരം ബന്ധുക്കളെയൊന്നും അറിയിച്ചിരുന്നില്ല. പ്രതിശ്രുത വധു ഡോ. ഫാത്തിമ ലുലുവിനോട് പറഞ്ഞിരുന്നു. ദുരന്തം നടന്ന ശനിയാഴ്ച പുലര്‍ച്ചെ രണ്ടരമണിവരെ ഇരുവരും ചാറ്റ് ചെയ്തിരുന്നു.
മുംബൈ കേരള മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡണ്ടായിരുന്ന ടി.എ. ഖാലിദിന്റെ മകളാണ് ഫാത്തിമ ലുലു. എക്‌സ്‌പോര്‍ട്ട് ബിസിനസുകാരനുമായ ടി.എ. ഖാലിദ് മുംബൈയിലാണ് കുടുംബസമേതം താമസം. ഇര്‍ഷാദിന്റെ ദുരന്തവാര്‍ത്തയറിഞ്ഞ ഫാത്തിമ ലുലു ചൊവ്വാഴ്ച രാത്രി വിമാനമാര്‍ഗം മംഗലാപുരം വഴി കാസര്‍കോട്ടെത്തും.
വൈദ്യുതി വകുപ്പില്‍ നിന്ന് വിരമിച്ച ആനബാഗിലുവിലെ എ.എന്‍. ഷംസുദ്ദീന്റെയും ആസ്യയുടെയും ഇളയമകനാണ് ഡോ. ഇര്‍ഷാദ്. വൈദ്യുതി വകുപ്പിലെ ബില്ലിങ് വിഭാഗത്തില്‍ ക്ലാര്‍ക്കായിരുന്നു ഷംസുദ്ദീന്‍. സഹോദരങ്ങള്‍: അസീസ് സൗദി, ഡോ. സാദിഖ് (യേനപ്പോയ മെഡിക്കല്‍ കോളേജ്), ലിയാഖത്ത് അലി (അബുദാബി), ഹാരിസ് കാസര്‍കോട് (ബിസിനസ്സ്).
നേപ്പാളിലേക്ക് പോയ മൂവര്‍ സംഘത്തില്‍ വടകര സ്വദേശി അബിന്‍ സൂരി പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 

അബിന്‍ സൂരിയെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. കാഠ്മണ്ഡുവിലെ ഹോട്ടല്‍ ബഡ്ജറ്റ് മള്‍ട്ട്പ്‌ളക്‌സ് ഹോട്ടലിലാണ് മൂവരും താമസിച്ചിരുന്നത്. അബിന്‍സൂരി വരാന്തയിലായിരുന്നു. ഇര്‍ഷാദും ദീപകും പുറത്തിറങ്ങാനായി ഇടനാഴിയിലെത്തിയ സമയത്താണ് ഭൂകമ്പം ഉണ്ടായതെന്നാണ് നിഗമനം.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.