കാഞ്ഞങ്ങാട്: കുശാല്‍നഗറിനടുത്ത് ആവിയില്‍ അവശയായി കിടന്ന വൃദ്ധക്ക് നാട്ടുകാര്‍ സംരക്ഷകരായി. അനന്തംപള്ളയില്‍ താമസിക്കുന്ന ഷരീഫ (72)യെയാണ് തിങ്കളാഴ്ച വൈകിട്ട് ആവിയിലെ ഒരു പീടിക തിണ്ണക്കടുത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇവരെ സ്ഥലത്തെത്തിയ ഏതാനും ചെറുപ്പക്കാര്‍ നഗരസഭാ കൗണ്‍സിലര്‍ ഖദീജ ഹമീദിന്റെ നേതൃത്വത്തില്‍ രക്ഷിക്കുകയായിരുന്നു. തീര്‍ത്തും അവശയായിരുന്ന വൃദ്ധ ചോദ്യങ്ങള്‍ക്കൊക്കെ വ്യക്തമായ മറുപടി പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ വൃദ്ധയെ കാറില്‍ കയറ്റി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും സംഭവം പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് വൃദ്ധയുടെ ബന്ധുക്കളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും അവരോട് പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പത്ത് മണിയോടെയാണ് വീട്ടുകാര്‍ സ്റ്റേഷനില്‍ എത്തിയത്. സഹോദരിയുടെ മകളുടെ വീട്ടിലാണ് വൃദ്ധ താമസിച്ചിരുന്നത്. ഒടുവില്‍ ബന്ധുക്കള്‍ വൃദ്ധയെ കൂട്ടിക്കൊണ്ടുപോയി.
No comments:
Post a Comment