Latest News

കളിചിരികളിലൂടെ അവധിക്കാലത്തിന്റെ ആഹ്ലാദം നുകര്‍ന്ന് കുരുന്നുകള്‍

രാവണേശ്വരം:(www.malabarflash.com) സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ രാവണേശ്വരം ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പിലാണ് കുട്ടികള്‍ അറിവനുഭവത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചത്. 

അവധിക്കാലത്ത് കുട്ടികളുടെ കളിചിരികള്‍ നഷ്ടമാകുന്നുവെന്ന പരിഭവങ്ങള്‍ക്ക് മറുപടി നല്‍കും വിധത്തിലാണ് പ്രദേശത്തെ നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കാളിയായത്. കൂട്ടായ്മ വളര്‍ത്തുന്ന കളികള്‍, കഥകള്‍, കുട്ടിപ്പാട്ടുകള്‍ എന്നിവ കോര്‍ത്തിണക്കിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. 

ചിന്ത, ഓര്‍മ്മ, ബുദ്ധി എന്നിവയുടെ വികാസത്തിനുതകുംവിധത്തിലുള്ള ഉണര്‍ത്തുകളികള്‍ കുട്ടികളുടെ ഉള്ളുണര്‍ത്തി. ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് എന്നിവര്‍ കുട്ടികളുമായി കൂട്ടുകൂടി. ഉച്ചയ്ക്ക് ശേഷം നടന്ന കുട്ടികളുടെ ആരോഗ്യ സെമിനാറില്‍ ആഹാര ശീലങ്ങളില്‍ അമ്മമാരുടെ പങ്ക് എന്ന വിഷയത്തില്‍ കേരള സ്റ്റേറ്റ് ജനാരോഗ്യ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജ്ഞാനദേവന്‍ ക്ലാസ്സെടുത്തു. 

അടുക്കളയാണ് ആശുപത്രിയെന്നും, മികച്ച ഡോക്ടര്‍ അമ്മയെന്നും, ഭക്ഷണമാണ് മരുന്നെന്നും, ഭക്ഷണക്രമം ഉണ്ടെങ്കില്‍ തന്നെ നമുക്കുണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെ ഒരുപരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ.അജയകുമാര്‍ സ്വാഗതവും, പി.ബാബു നന്ദിയും പറഞ്ഞു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.