Latest News

കുഞ്ഞിന്റെ മൃതദേഹം ഖബറടക്കാന്‍ 20,000 രൂപ : പള്ളിക്കമ്മിറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബന്ധുക്കള്‍

കോട്ടക്കല്‍: പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍െറ ശരീരം മറവുചെയ്യാന്‍ 20,000 രൂപ വാങ്ങിയ ആട്ടീരി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി നടപടി വിവാദമാകുന്നു. കുഞ്ഞിന്‍െറ ബന്ധുക്കള്‍, ആട്ടീരി സലഫി കമ്മിറ്റി എന്നിവര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ആട്ടീരി ഉമ്മാട്ട് ഹംസയുടെ സഹോദരി ഹാബി പ്രസവിച്ചത്. ഗര്‍ഭപാത്രത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. ഭര്‍തൃവീടായ ഒറ്റപ്പാലത്തത്തെിക്കാന്‍ പ്രയാസമുള്ളതിനാല്‍ മൃതദേഹം മറവ് ചെയ്യാന്‍ ബന്ധുക്കള്‍ ആട്ടീരി പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ടു.

ആദ്യം കമ്മിറ്റി എതിര്‍ത്തെന്നും പിന്നീട് പണം നല്‍കിയാല്‍ മറവുചെയ്യാമെന്ന ധാരണയില്‍ എത്തുകയുമായിരുന്നുവെന്നും ഹംസ പറഞ്ഞു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളിലെ കുടുംബാംഗങ്ങളുടെ മൃതദേഹം മറവുചെയ്യാന്‍ പ്രത്യേക പദ്ധതിയുണ്ടെന്നും ജനറല്‍ ബോഡി യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം മൃതദേഹം മറവുചെയ്യാന്‍ 20,000 രൂപ വേണമെന്നും ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മറവുചെയ്തത്. മൂന്നടിയില്‍ കുറഞ്ഞ മണ്ണിന് 20,000 രൂപ വാങ്ങുകയും മൃതശരീരത്തോട് അനാദരവ് കാണിക്കുകയും ചെയ്ത പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.

2012ലെ തീരുമാനപ്രകാരമാണ് പുറമെയുള്ള വിഭാഗങ്ങളില്‍നിന്ന് പണം ഈടാക്കുന്നതെന്ന് പള്ളിക്കമ്മിറ്റി പ്രസിഡന്‍റ് വടക്കേതില്‍ കുഞ്ഞിമുഹമ്മദ് പറഞ്ഞു. വരിസംഖ്യ അടക്കാത്തവരും പള്ളിയുമായി സഹകരിക്കാത്തവരുമാണ് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സംഘടനകളിലുള്ളവര്‍. ജനറല്‍ബോഡി കൈക്കൊണ്ട തീരുമാനമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.