Latest News

ബാര പാറമ്മല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് :[www.malabarflash.com] നീണ്ട എട്ടര പതിറ്റാണ്ട് കാലത്തെ ഇടവേളയ്ക്ക്‌ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന ബാര പാറമ്മല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെയ്യംകെട്ട് മഹോത്സവത്തില്‍ അന്നദാനത്തിനായുള്ള വിഭവസമാഹരണ ഭാഗമായി ഏപ്രില്‍ 22ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തും. ഘോഷയാത്ര രാവിലെ 9 മണിക്ക് ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. രാത്രി 7 മണിക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി അരങ്ങേറും. 

ഏപ്രില്‍ 24 വെള്ളിയാഴ്ച തെയ്യംകൂടല്‍, വൈകുന്നേരം 7.30ന് കൈവീത്, 8.30ന് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകൂടല്‍, 9.30ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, കുറത്തിയമ്മ എന്നീ തെയ്യങ്ങളുടെ തിടങ്ങല്‍. ഏപ്രില്‍ 25ന് രാവിലെ 5 മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്, 10.30ന് വിഷ്ണുമൂര്‍ത്തിയുടെയും പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും പുറപ്പാട്, ഒരു മണിക്ക് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട് എന്നിവ നടക്കും. വൈകുന്നേരം 3 മണി മുതല്‍ കാര്‍ന്നോന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും 7 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടവുംരാത്രി 9 മണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും അരങ്ങിലെത്തും. രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലിനു ശേഷം ശ്രീ വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാട് അരങ്ങിലെത്തും. 

സമാപന സുദിനമായ ഏപ്രില്‍ 26ന് ഞായറാഴ്ച രാവിലെ 7.30 മുതല്‍ കാര്‍ന്നോന്‍ തെയ്യങ്ങളുടെ പുറപ്പാട്, 10.30ന് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 12 മണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ പുറപ്പാട് എന്നിവ നടക്കും. തുടര്‍ന്ന് 3 മണിയോടുകൂടി ഏറെ സവിശേഷവും ഭക്തിനിര്‍ഭരവുമായ ശ്രീ വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. വൈകുന്നേരം 4.30ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും രാത്രി 10.30ന് മറപിളര്‍ക്കല്‍, വിളക്കിലരി, കൈവീത് എന്നീ ചടങ്ങുകളോടെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്‍ പരിസമാപ്തിയാകും. 

ഉത്സവത്തിനെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കുമായി എല്ലാദിവസവും വിഭവസമൃദ്ധമായ അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സി.എച്ച് നാരായണന്‍, ചെയര്‍മാന്‍ കാപ്പുങ്ങാനം കുഞ്ഞിരാമന്‍ നായര്‍ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ പാത്തിക്കാല്‍, വര്‍ക്കിംഗ് കോഡിനേറ്റര്‍ അച്യുതന്‍ ആടിയത്ത്, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ടി ജയന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ കുമാരന്‍ വെടിക്കുന്ന് സംബന്ധിച്ചു.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.