Latest News

സംസ്‌കരിക്കാനൊരുങ്ങുമ്പോള്‍ ജീവന്റെ മിടിപ്പ്, ഭൂകമ്പത്തില്‍പ്പെട്ട സുജിനയ്ക്കു രണ്ടാംജന്മം

കാഠ്മണ്ഡു: [www.malabarflash.com] ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ക്കൊപ്പം മരിച്ചെന്നുകരുതി കിടത്തിയിരുന്ന ബാലികയ്ക്കു ജീവനുണ്ടെന്നു മനസിലായത് സംസ്‌കരിക്കുന്നതിനു മിനിറ്റുകള്‍ മാത്രം മുമ്പ്. ചാജു ഖേയിലിന്റെ നാലുവയസുള്ള പുത്രി സുജിനയാണ് അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നത്.

ഏപ്രില്‍ 25ന് പതിവുപോലെ അതിരാവിലെ സുജിനയ്ക്കു ഭക്ഷണം നല്‍കി സമീപത്തുള്ള ഭവനങ്ങളിലെ കുട്ടികളോടൊപ്പമാക്കിയ ശേഷം ചാജു കന്നുകാലിയെ തീറ്റാനായി വനമേഖലയിലേക്കു പോയി. കന്നുകാലികളെ മേച്ചുകൊണ്ടിരിക്കുമ്പോഴാണ് ചാജു നിന്ന സ്ഥലം കുലുങ്ങിവിറച്ചത്. ഉടന്‍തന്നെ അവര്‍ വീട്ടിലേക്കു മടങ്ങി.

കാഠ്മണ്ഡുവില്‍ നിന്നു 160 കിലോമീറ്റര്‍ അകലെയാണ് ഇവരുടെ ടിപ്‌ളിംഗ് ഗ്രാമം. തലസ്ഥാന നഗരത്തില്‍ നിന്നു റോഡ്മാര്‍ഗം ഒരുദിവസത്തെ യാത്ര ചെയ്താല്‍ ധാദിംഗ് പട്ടണത്തിലെത്താം. അവിടെനിന്ന് മൂന്നുദിവസം നടന്നുവേണം കുഗ്രാമമായ ടിപ്‌ളിങ്ങിലെത്താന്‍.

വനത്തില്‍ നിന്ന് ഓടിയെത്തിയ അമ്മ കണ്ടത് തകര്‍ന്ന കെട്ടിടങ്ങള്‍. തന്റെ പൊന്നോമനയെ തിരഞ്ഞ ചാജുവിനു കണ്ണുകളെ വിശ്വസിക്കാനായില്ല. കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളില്‍ തന്റെ പൊന്നു മകളും.

സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നീക്കംചെയ്യുവാന്‍ തുടങ്ങുന്നു. കരഞ്ഞുകൊണ്ട് തന്റെ ഓമനയുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച ചാജു പെട്ടെന്ന് ശ്രദ്ധിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് കൈയെടുത്ത് ഒരിക്കല്‍കൂടി തൊട്ടുനോക്കി. ശരീരത്തില്‍ ജീവന്റെ മിടിപ്പ്. കുഞ്ഞിനെ വാരിയെടുത്ത് ആ അമ്മ അലമുറയിട്ടു കരഞ്ഞു- “”എന്റെ മകള്‍ മരിച്ചിട്ടില്ല’’.

കുട്ടിയെ ഉടന്‍തന്നെ സമീപമുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ഏക വാര്‍ത്താവിനിമയോപാധിയായ ഉപഗ്രഹ ഫോണിലൂടെ ജില്ലാ അധികാരികളെ വിവരമറിയിച്ചു. ഹെലിക്കോപ്റ്ററില്‍ കുഞ്ഞിനെ കാഠ്മണ്ഡുവിലെ ന്യൂറോ ആശുപത്രിയിലെത്തിച്ചു. ബന്യാതാര്‍ കാത്തോലിക്കാ ഇടവകാംഗമായ ഈ കുരുന്നിനെ കാണാന്‍ രൂപതാ ബിഷപ് പോള്‍ സിമിക് എത്തിയപ്പോള്‍ സുജിനയുടെ മുഖത്ത് നേരിയ പുഞ്ചിരി.

ജീവിതത്തിലേക്കു തിരിച്ചുവന്നതിനെക്കുറിച്ചൊന്നും അവള്‍ക്കറിയില്ലെങ്കിലും ആ പുഞ്ചിരിയുടെ മൂല്യം അനിര്‍വചനീയമാണ്.  ഇടവക വികാരി ഫാ. അനില്‍ ബെക്, ബിഷപ്പിന്റെ സഹോദരന്‍ ഫാ. സാമുവല്‍ സിമിക് എസ്‌ജെ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 

ഭൂകമ്പ സമയത്ത് ഫാ. ബെക് ഒരു പൗരോഹിത്യസ്വീകരണ കര്‍മത്തില്‍ പങ്കെടുക്കുന്നതിന് എട്ടുമണിക്കൂര്‍ യാത്രാദൂരമുള്ള ഒഖാല്‍ഡംഗയിലായിരുന്നു. കുഞ്ഞിന് എല്ലാ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
Advertisement

Keywords: world News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.