Latest News

ബാര്‍ കോഴക്കേസില്‍ കുറ്റപത്രം തയ്യാറാവുന്നു

തിരുവനന്തപുരം: [www.malabarflash.com] ബാര്‍ കോഴക്കേസില്‍ ആറു മാസം നീണ്ടുനിന്ന വിശദമായ അന്വേഷണത്തിനൊടുവില്‍ ധനമന്ത്രി കെ എം മാണിയെ പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കുന്നു. മാണി ബാര്‍ ഉടമകളില്‍ നിന്നു പണം കൈപ്പറ്റിയതിനെ സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിനു ലഭിച്ച സാഹചര്യത്തിലാണ് അന്തിമ നടപടികളിലേക്ക് വിജിലന്‍സ് സംഘം നീങ്ങുന്നത്. വിശദമായ നിയമപരിശോധനയ്ക്ക് ശേഷമാവും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രി കെ എം മാണിക്ക് കോഴ നല്‍കാന്‍ പണം പിരിച്ചതു മുതല്‍ അദ്ദേഹത്തിന്റെ പാലായിലെയും തിരുവനന്തപുരത്തെയും വസതികളില്‍ വച്ച് പണം നല്‍കിയത് ഉള്‍പ്പെടെയുള്ള കോഴയിടപാടിന്റെ മുഴുവന്‍ വിവരങ്ങളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്റെ മിനുട്‌സ് മുതല്‍ കോഴയിടപാടിലേക്കു വഴിവച്ച, ബാര്‍ ലൈസന്‍സ് നിശ്ചയിക്കുന്നതിനായി ചേര്‍ന്ന മന്ത്രിസഭാ യോഗതീരുമാനത്തിന്റെ മിനുട്‌സ് വരെയുള്ള തെളിവുകളാണ് വിജിലന്‍സിന്റെ കൈവശമുള്ളത്. ഈ രേഖകള്‍ സാഹചര്യത്തെളിവുകളാണ്.

അന്നു മദ്യനയം കൈക്കൊള്ളുന്ന കാര്യത്തില്‍ നയം ധനമന്ത്രിയും പരിശോധിക്കണമെന്ന മാണിയുടെ നിലപാടാണ് അദ്ദേഹത്തിന് എതിരായത്. കൂടാതെ അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്റെ വിശദമായ മൊഴിയും വിജിലന്‍സ് എടുത്തിരുന്നു. മാണിയെ പ്രതിയാക്കി 2014 ഡിസംബര്‍ 11ന് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച പ്രഥമവിവര റിപോര്‍ട്ട് ശരിവയ്ക്കുന്ന തരത്തിലാണ് കുറ്റപത്രവും തയ്യാറാവുന്നത്.

ബിജു രമേശിന്റെ രഹസ്യമൊഴിയും അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലവുമാണ് കേസിലെ നിര്‍ണായക തെളിവുകള്‍.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.