Latest News

വിവാഹ ഓഡിറ്റോറിയത്തില്‍ കടന്നലിളകി; കുത്തേറ്റ് വരന്റെ അമ്മാവന്‍ മരിച്ചു

കായംകുളം:[www.malabarflash.com] വിവാഹ ഓഡിറ്റോറിയത്തിലേക്ക് ഇളകിവന്ന കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റു വരന്റെ അമ്മാവന്‍ മരിച്ചു. വന്നികപ്പള്ളി കൊച്ചുവീട്ടില്‍ മുഹമ്മദ് നാസര്‍ (55) ആണു മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിലാണു സംഭവം.

മൂന്നാം നിലയിലെ ജനല്‍ തുറന്നതോടെ കടന്നല്‍ ഇളകി വരുകയായിരുന്നു. ഈ സമയം വെളിയില്‍ നില്‍ക്കുകയായിരുന്ന നാസറിന്റെ തലയിലും മുഖത്തും കടന്നല്‍ പൊതിഞ്ഞു. മുഖത്തും തലയിലും കുത്തേറ്റ ഇദ്ദേഹം കുഴഞ്ഞുവീണു.

ഉടന്‍ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. നില ഗുരുതരമായതിനെത്തുടര്‍ന്നു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടന്നല്‍ക്കുത്തേറ്റു നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. 

വിദേശത്തായിരുന്ന നാസര്‍ ആറു മാസം മുമ്പാണു നാട്ടിലെത്തിയത്. വന്നികപ്പള്ളി കൊരട്ടികുഴിയില്‍ നവാസും കായംകുളം തുണ്ടയ്യത്ത് വീട്ടില്‍ ഷിഫാനയും തമ്മിലുള്ള വിവാഹമാണു നടന്നത്. വരന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്കു മുമ്പാണ് കടന്നല്‍ ഇളകിയത്. നാസറിന്റെ ഭാര്യ: ബീന (ഗവ. യുപിഎസ്, കായംകുളം) മക്കള്‍: സഫ്‌വാന്‍, ഷിബ്‌ന.

കടന്നല്‍ കുത്തേറ്റാലുള്ള അലര്‍ജി മാരകമാകും
വിഷത്തേക്കാളേറെ അലര്‍ജിയാണ് കടന്നല്‍ കുത്തേറ്റുള്ള മരണത്തിനു വഴിയൊരുക്കുന്നത്. ശരീരത്തില്‍ പ്രവേശിക്കുന്ന കടന്നല്‍കൊമ്പിനെതിരെ ശരീരം പ്രവര്‍ത്തിക്കും. ദേഹത്തിനു പുറത്തു കാണുന്നതുപോലെ അകത്തും നീരുവ്യാപിക്കും. രക്തക്കുഴലുകള്‍ അടക്കം നീരുവന്നു തടിക്കുന്നതോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെടും. ഇതാകും മരണകാരണമാകുകയെന്നു ഡോക്ടര്‍മാര്‍ പറയുന്നു. കൂട്ടമായി കടന്നലുകള്‍ ആക്രമിക്കുമ്പോള്‍ ശരീരമാകെ അലര്‍ജി വ്യാപിക്കുന്നു. കുത്തേറ്റാല്‍ രക്തസമ്മര്‍ദം താഴുകയും ഹൃദയത്തെ ബാധിക്കുകയും ചെയ്യുന്നത് മരണകാരണമാകും. ഇത്തരം കേസുകളില്‍ ഒരു കടന്നല്‍ക്കുത്ത് ഏറ്റാലും മരണം സംഭവിക്കാം.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.