Latest News

മൈസൂരുവിന് ഇനി യദുവീര്‍ രാജാവ്

മെസൂരു: [www.malabarflash.com] ഇരുപത്തിരണ്ടുകാരനായ യെദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍ മൈസൂരു രാജവംശത്തിന്റെ അനന്തരാവകാശിയായി സ്ഥാനാരോഹണം ചെയ്തു.രാജവംശത്തിന്റെ അധികാര ചിഹ്നമായ അപൂര്‍വരത്‌നങ്ങള്‍ പതിച്ച കിരീടം 1,008 തന്ത്രിമാര്‍ ചേര്‍ന്ന് പൂജ ചെയ്ത് യദുവീറിന്റെ ശിരസ്സില്‍ അണിയിച്ചു. പാണ്ഡവര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സ്വര്‍ണ സിംഹാസനത്തിനും യെദുവീര്‍ അവകാശിയായി.

ലോകത്തെ പ്രമുഖ രാജകുടുംബാംഗങ്ങളും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ കിരീടധാരണത്തിന് സാക്ഷികളായി. ചാമുണ്ഡേശ്വരി സ്തുതികളും മന്ത്ര ധ്വനികളും ധന്യമാക്കിയ മുഹൂര്‍ത്തത്തിലായിരുന്നു സ്ഥാനാരോഹണം.
മൈസൂരു കൊട്ടാരത്തിന് പുറത്തു സ്ഥാപിച്ച ടി.വി.കളില്‍ ചടങ്ങ് വീക്ഷിച്ച ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് രാജാവിന് ജയ് വിളികളുയര്‍ന്നു. മൈസൂരു രാജവംശത്തിലെ 27-ാം അവകാശിയാണ് യെദുവീര്‍.


അംബവിലാസ് പാലസിലെ വര്‍ണാഭമായ കല്യാണ മണ്ഡപത്തിലായിരുന്നു പട്ടാഭിഷേകം. ചടങ്ങിന്റെ ഭാഗമായി കൊട്ടാരത്തിനകത്തും പുറത്തുമുള്ള 42 ക്ഷേത്രങ്ങളില്‍ വെളുപ്പിന് നാലര മുതല്‍ പൂജകള്‍ ആരംഭിച്ചു. രാജവേഷം ധരിച്ചെത്തിയ യെദുവീറിനെ പരിചാരകരും കൊട്ടാരം സേനയും ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. മഹാറാണി പ്രമോദ ദേവി വോഡയാര്‍ വെള്ളി സിംഹാസനത്തില്‍ യുവരാജാവിനെ ഉപവിഷ്ടനാക്കി.

തുടര്‍ന്ന് രാവിലെ 9.40-നും 10.30-നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കൊട്ടാരം തന്ത്രിമാരായ ജനാര്‍ദന അയ്യങ്കാറും ശ്യാമ ജോയ്‌സും ചേര്‍ന്ന് യെദുവീറിനെ സ്വര്‍ണകിരീടമണിയിച്ച് വാഴിക്കല്‍ പ്രഖ്യാപനം നടത്തി. പുതിയ രാജാവിന് സ്വാഗതമോതി പാലസ് ഇംഗ്ലീഷ് ബാന്‍ഡ് കൊട്ടാരഗാനം വായിച്ചു.

കര്‍ണാടക മന്ത്രിമാരും പ്രമുഖ വ്യക്തികളുമടക്കമുള്ളവര്‍ യെദുവീറിന് ആശംസകള്‍ നേര്‍ന്നു. വൈകിട്ട് പാലസിനുമുന്നിലെ ദര്‍ബാര്‍ ഹാളിലൊരുക്കിയ വേദിയില്‍ നടത്തിയ ദര്‍ബാറില്‍ യദുവീര്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. ആചാരപ്രകാരം ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തി വഴിപാടുകളും അര്‍പ്പിച്ചു.

കേരളത്തിലെ തിരുവിതാംകൂര്‍ രാജവംശത്തിലെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിലെ സ്വാമി സുനില്‍ദാസും പാലക്കാട് യാക്കര ക്ഷേത്രം തന്ത്രി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും കിരീടധാരണ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാര്‍ 2013 ഡിസംബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് സഹോദരീപുത്രനായ യെദുവീറിനെ പുതിയ അവകാശിയായി തിരഞ്ഞെടുത്തത്. രാജഭരണവും അധികാരവുമില്ലെങ്കിലും രാജവംശത്തിന്റെ പ്രൗഢി ഒട്ടും ചോരാതെയായിരുന്നു ചടങ്ങുകള്‍. കിരീടധാരണ പൂജകള്‍ വെള്ളിയാഴ്ച രാവിലെ സമാപിക്കും.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.