Latest News

സര്‍ക്കാര്‍ 'കുടുംബമായി' മൂവര്‍ സഹോദരസംഘം

കാസര്‍കോട്: [www.malabarflash.com] കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സാജുവിനും സഞ്ജുനയ്ക്കും സന്ധ്യയ്ക്കും ഇനി കുടുംബം സംസ്ഥാന സര്‍ക്കാര്‍. അച്ഛനും അമ്മയും കുടുംബവും ബന്ധുക്കളുമൊക്കെ സംസ്ഥാന സര്‍ക്കാരെന്ന അഭിമാനത്തോടെ പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകാന്‍ മൂവര്‍ക്കും തുണയായത് മുഖ്യമന്ത്രി.

ജനസമ്പര്‍ക്കവേദിയില്‍ മൂവര്‍ക്കും പട്ടയവും വീടിനായി അഞ്ചു ലക്ഷം രൂപയും നല്‍കിയ ശേഷം ഇവരെ ദത്തെടുക്കാനും കൂടി മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. 

വേദിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോള്‍ സാജുവിന്റെയും സഹോദരിമാരായ സഞ്ജനയുടെയും സന്ധ്യയുടെയും കണ്ണുകള്‍ നിറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയും, മന്ത്രിമാരായ കെ.സി ജോസഫും, കെ.പി മോഹനനും കുട്ടികളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇവര്‍ക്ക് കുളത്തൂര്‍ വില്ലേജില്‍ നെടുവോട്ട് എന്ന പ്രദേശത്താണ് ഏഴ് സെന്റ് ഭൂമി അനുവദിച്ചത്. കുട്ടിക്കാലത്തേ അച്ചന്‍ ഉപേക്ഷിച്ചുപോയ ഈ മൂന്ന് കുട്ടികള്‍ അമ്മ വാരിജയുടെ തണലിലാണ് വളര്‍ന്നത്. അസുഖത്തെതുടര്‍ന്ന് അമ്മ മരിച്ചതോടെ കുട്ടികള്‍ തീര്‍ത്തും അനാഥരായി.
തിരുവനന്തപുരത്ത് നടന്ന കുട്ടികളുടെ മോക്ക് പാര്‍ലമെന്റില്‍ വച്ചാണ് ഇവരുടെ ദുരിത ജീവിതം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിഞ്ഞത്. കുണ്ടംകുഴി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അഖില മോഹന്‍ ആണ് ഇവരുടെ ജീവത കഥ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ജില്ലയിലെത്തിയ മുഖ്യമന്ത്രി സാജുവിനെയും സഹോദരിമാരെയും സന്ദര്‍ശിച്ച് ഇവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു.
ജനസമ്പര്‍ക്ക പരിപാടിയിലേക്ക് മൂവരെയും മുഖ്യമന്ത്രി പ്രത്യേകം ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ദത്തെടുക്കുന്നുവെന്നും സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇവര്‍ക്ക് വീടൊരുക്കാന്‍ രണ്ടര ലക്ഷത്തിന് സ്‌പോണ്‍സരെ സര്‍ക്കാര്‍ കണ്ടെത്തിത്തരുമെന്നും ബാക്കി രണ്ടര ലക്ഷം സന്നദ്ധ സംഘടനകള്‍ സ്വരൂപിച്ച് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

 രണ്ടര ലക്ഷം രൂപ നല്‍കാമെന്ന് ഉടനെ ഒരു രാഷ്ട്രീയ യുവജന സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. അമ്മാവന്‍ മണികണ്ഠനോടൊപ്പമാണ് സാജുവും സഹോദരിമാരും ജനസമ്പര്‍ക്ക പരിപാടിയിലെത്തിയത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.