Latest News

കാമുകനോടൊപ്പം താമസമാക്കാന്‍ ഭര്‍തൃമതി ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് പോലീസിനെ വട്ടംകറക്കി

പയ്യന്നൂര്‍: [www.malabarflash.com] കാമുകന്‍ ഒരുക്കിയ ഹോസ്റ്റലില്‍ താമസിക്കാന്‍ പോയ ഭര്‍തൃമതി 'ആത്മഹത്യ' കുറിപ്പ് എഴുതിവെച്ച് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും ബന്ധുക്കളെയും വട്ടം കറക്കി. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ പൊയിനാച്ചി ശശിധരന്റെ ഭാര്യ ടി.ടി ഉഷ (35)യാണ് കഥാനായിക.

18 ന് രാത്രി ഉഷയെ കാണാതായി. അന്വേഷണത്തിനിടയില്‍ കിടപ്പുമുറിയില്‍ നിന്ന് ഉഷ എഴുതിവച്ച കത്ത് കണ്ടെടുത്തു. "മക്കളെ നന്നായി പഠിപ്പിക്കണം, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല" എന്നായിരുന്നു കത്തിലെ വാചകങ്ങള്‍. 

ഇതോടെ ഉഷ ജീവനൊടുക്കിയെന്ന ധാരണയില്‍ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. സമീപത്തെ പറമ്പിലും കിണറിലും കുളത്തിലും പുഴയിലുമൊക്കെ തെരച്ചിലായി. അതിനിടയില്‍ കുഞ്ഞിമംഗലം ചങ്കുരിച്ചാല്‍ പുഴയ്ക്ക് മുകളിലെ റെയില്‍വേ പാലത്തില്‍ ഉഷയുടെ ഒരു ചെരിപ്പ് കാണപ്പെട്ടു. ഇതോടെ പുഴയില്‍ ചാടി മരിച്ചെന്ന് ഉറപ്പാക്കി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുഴയില്‍ ഏറെ സമയം തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടുകിട്ടിയില്ല.
അതിനിടയിലാണ് ഉഷയ്ക്ക് ബന്ധുവായ കുഞ്ഞിമംഗലത്തെ വിജിത്തു(26)മായി അടുപ്പമുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. സംശയം തോന്നിയ പോലീസ് വിജിത്തിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് യഥാര്‍ത്ഥം സംഭവം പുറത്തുവന്നത്.
കാമുകനും ഉഷയും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയായിരുന്നു 'ആത്മഹത്യ' കുറിപ്പ്. തിരുവനന്തപുരത്ത് ആശാരി പണി ചെയ്യുന്ന വിജിത്ത് അവിടെ ഉഷയെ ഒരു ഹോസ്റ്റലില്‍ താമസിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. തുടര്‍ന്ന് ഉഷ ആത്മഹത്യ ചെയ്തത് തന്നെയെന്ന് വരുത്തി തീര്‍ക്കാന്‍ കത്ത് എഴുതിവെച്ചു. 

രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയ ഉഷയെ വിജിത്ത് തിരുവനന്തപുരത്തേക്ക് തീവണ്ടിയില്‍ കയററിവിടുകയായിരുന്നു. യഥാര്‍ത്ഥ കാര്യം മനസ്സിലായതോടെ പയ്യന്നൂര്‍ പോലീസ് ഉഷയെ കസ്സഡിയിലെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെരിപ്പ് പുഴയോരത്ത് കാണപ്പെട്ടതോടെ അയാള്‍ ജീവനൊടുക്കിയെന്ന് പ്രചരിപ്പിക്കുന്ന രംഗമുണ്ട്. അതിനെ അനുകരിച്ചാണത്രെ വിജിത്തും ഉഷയും തിരക്കഥ ഒരുക്കിയത്‌.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.