Latest News

മംഗലാപുരം വിമാന ദുരന്തത്തിന് അരപ്പതിറ്റാണ്ട്; നഷ്ടപരിഹാരം ലഭിക്കാതെ ആശ്രിതര്‍

കാസര്‍കോട്‌: [www.malabarflash.com] മംഗലാപുരം ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം കത്തിയമര്‍ന്ന് 158 യാത്രക്കാര്‍ മരിച്ച ദുരന്തത്തിന് വെളളിയാഴ്ച അഞ്ചാണ്ട് തികയുമ്പോള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല.

മോണ്‍ട്രിയാന്‍ കരാര്‍ പ്രകാരം മരിച്ചവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു. 1999 മെയ് 28ന് അന്താരാഷ്ട്ര ആഭ്യന്തര വ്യോമയാന സംഘടനയിലെ അംഗരാജ്യങ്ങള്‍ ഒപ്പുവച്ച മോണ്‍ട്രിയാന്‍ ഉടമ്പടി നടപ്പാക്കാന്‍ എയര്‍ഇന്ത്യ തയ്യാറാവുന്നില്ലെന്നാണ് മരിച്ചവരുടെ ആശ്രിതര്‍ പറയുന്നത്. 

എയര്‍ഇന്ത്യ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ മുംബൈയിലെ മുല്ല ആന്റ് മുല്ല കമ്പനി കൗണ്‍സിലര്‍ നാനാവതി മരിച്ചവര്‍ക്ക് ഗള്‍ഫില്‍ ലഭിച്ചിരുന്ന ശമ്പളവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് നഷ്ടപരിഹാരം നല്‍കിയത്. 35 ലക്ഷം രൂപ മുതലാണ് ഇതുപ്രകാരം ആശ്രിതര്‍ക്കു ലഭിച്ചത്.

10ഓളം പേര്‍ ഇപ്പോഴും നഷ്ടപരിഹാരം സ്വീകരിക്കാതെ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്. ആരിക്കാടിയിലെ അബ്ദുല്‍സലാമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സുപ്രിംകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ മെയ് 9ന് കോടതി വിചാരണ ആരംഭിച്ചു. 

മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവും യാഥാര്‍ഥ്യമായില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് നേരത്തെ 10 ലക്ഷം രൂപ വീതം എയര്‍ഇന്ത്യ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്നുലക്ഷം രൂപ വീതവും പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപയുമടക്കം 15 ലക്ഷം രൂപവീതം ലഭിച്ചിരുന്നു.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍നിന്നു രക്ഷപ്പെട്ട ഏഴുപേരില്‍ രണ്ടുപേര്‍ മലയാളികളാണ്. മരിച്ചവരില്‍ തിരിച്ചറിയാതെ 12 മൃതദേഹങ്ങള്‍ സംസ്‌കരിച്ച സ്ഥലത്ത് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനവും യാഥാര്‍ഥ്യമായില്ല. 

2010 മെയ് 22നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. 2010 മെയ് 21ന് രാത്രി ദുബയില്‍നിന്ന് പൈലറ്റുമാരും വിമാനജീവനക്കാരും യാത്രക്കാരുമടക്കം 165 പേരുമായിവന്ന വിമാനമാണ് മംഗലാപുരം ബജ്‌പെ എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ നിയന്ത്രണം വിട്ട് മലയടിവാരത്തിലേക്കു കത്തിയമര്‍ന്നത്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.