Latest News

പയ്യാമ്പലം ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി



കണ്ണൂര്‍: [www.malabarflash.com]പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ തിരയില്‍പ്പെട്ടു മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. ചാലാട് ജയന്തി റോഡിലെ കോറോത്ത് (അല്‍-റസീന്‍) വീട്ടില്‍ ഇബ്രാഹിം-റൂമ ദമ്പതികളുടെ മകന്‍ റിസ്‌വാന്‍ (14), ജയന്തി റോഡില്‍ എല്‍വി ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍-ഷംനാസ് ദമ്പതികളുടെ മകന്‍ ഷിനാസ് (13) എന്നിവരാണു മരിച്ചത്. 

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സുഹൃത്തുക്കളായ നാലു പേര്‍ പയ്യാമ്പലത്തു കടലില്‍ കുളിക്കാനിറങ്ങിയത്. പയ്യാമ്പലം പള്ളിയാംമൂല ഭാഗത്തെ മുള്ളന്‍കണ്ടി പാലത്തിനടുത്ത കടലില്‍ കുളിക്കാനിറങ്ങിയവരില്‍ റിസ്‌വാനും ഷിനാസും തിരയില്‍പ്പെടുകയായിരുന്നു. പയ്യാമ്പലം ബീച്ചില്‍ ലൈഫ് ഗാര്‍ഡുമാരുണെ്ടങ്കിലും ഇവരുടെ ശ്രദ്ധ എത്താത്ത ഭാഗമാണു പള്ളിയാംമൂല.


രക്ഷപ്പെട്ട മറ്റു രണ്ടു പേര്‍ കരഞ്ഞുകൊണ്ടു വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് അപകടവിവരം പുറംലോകം അറിയുന്നത്. ഉടന്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. അപ്പോഴേക്കും അരമണിക്കൂറിലേറെ സമയം കഴിഞ്ഞിരുന്നു. തീരദേശ പോലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വൈകുന്നേരം നാലോടെ റിസ്‌വാനെ അവശനിലയില്‍ കണ്ടെത്തി. ഉടന്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം അഞ്ചോടെയാണു ഷിനാസിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു. 


അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു റിസ്‌വാന്‍. റിവിന്‍, റിജാസ് എന്നിവര്‍ സഹോദരങ്ങളാണ്. ചാലാട് ഗവ. യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിനാസ്. ഇസ്മയില്‍, മുഹമ്മദ് ഷാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ എകെജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.