Latest News

ഒയലിച്ചയുടെ മാധുര്യം ബാക്കിയാക്കി ഖദീജ മറഞ്ഞു

തൃക്കരിപ്പൂര്‍ : [www.malabarflash.com] സ്ത്രീകള്‍ പൊതുരംഗത്ത് അത്യപൂര്‍വമായിരുന്ന കാലത്ത് സ്വന്തമായി ചെറുകിട സംരംഭം നടത്തി ഉപജീവനം നടത്തിയിരുന്ന കെ.പി.ഖദീജ (65)ഓര്‍മയായി. മുട്ടം ദേശത്തുനിന്ന് യൗവനത്തില്‍ തൃക്കരിപ്പൂര്‍ പൂച്ചോല്‍ ഗ്രാമത്തിലെത്തിയ അവര്‍ അന്നുവരെ ആരും രുചിച്ചിട്ടില്ലാത്ത മിഠായിയുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.

മൈദയും വെല്ലവും അസംസ്‌കൃത വസ്തുക്കളായ മിഠായി വായിലിട്ടാല്‍ നാക്ക് കുഴഞ്ഞാല്‍ മാത്രമേ വരുതിയിലാവൂ. വല്ലാതെ ഉഴലുന്ന മധുരത്തിന്റെ പേരുതന്നെ ഒയലിച്ച എന്നായിരുന്നു. ഒരുപൈസക്ക് ഒന്ന് എന്ന നിലക്കായിരുന്നു വില്‍പനയെന്ന് അക്കാലത്തെ കുട്ടികള്‍ ഓര്‍ക്കുന്നു.

ഒയലിച്ചക്കാരി എന്നായിരുന്നു കുട്ടികളുടെ ഇടയില്‍ അറിയപ്പെട്ടത്.
വാടക വീട്ടില്‍ നിന്ന്, ഖദീജക്ക് മാത്രം അറിയാവുന്ന പ്രത്യേക ചേരുവയില്‍ ഒയലിച്ച പിന്നീടും ഏറെ കാലം വിപണിയിലെത്തി. സ്‌കൂളുകളുടെ പരിസരം ആയിരുന്നു പ്രധാന വിപണി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തോടെ ഒയലിച്ച രണ്ടു പൈസക്ക് ഒന്നായി. അഞ്ചു പൈസക്ക് വരെ ഖദീജ ഒയലിച്ച വിറ്റിരുന്നതായി ഗുണഭോക്താക്കളുടെ കൊതിയൂറുന്ന ഓര്‍മയിലുണ്ട്.

ഒന്‍പതാം വയസു മുതല്‍ ഖദീജ കൊണ്ട വെയില്‍ മക്കള്‍ക്ക് തണലായതായി മകന്‍ മുഹമ്മദലി പറഞ്ഞു. വീടുണ്ടാക്കിയതിന്റെ പ്രധാന പ്രയത്‌നം ഉമ്മയുടെതായിരുന്നു. ഖദീജ പിന്നീട് വിശേഷ വേളകളില്‍ ബിരിയാണി, അപ്പത്തരങ്ങള്‍ എന്നിവ തയാറാക്കാന്‍ പോകുമായിരുന്നു.

കായട, കായഹലുവ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത അപ്പത്തരങ്ങളിലൂടെ ഖദീജയുടെ കൈപ്പുണ്യം അനുഭവിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ പ്രദേശത്തില്ല. വിദേശ രാജ്യങ്ങളിലെ പ്രിയപ്പെട്ടവര്‍ക്ക് കുടുംബങ്ങള്‍ സ്‌നേഹപൂര്‍വ്വം പൊതിഞ്ഞു നല്‍കിയത് ഖദീജയുടെ വിയര്‍പ്പില്‍ വിരിഞ്ഞ വിഭവങ്ങളായിരുന്നു.

ഖദീജയുടെ മകന്‍ മുഹമ്മദലിക്ക് പാചകനൈപുണ്യം കൈമാറിയാണ് ഖദീജ മറയുന്നത്. ഖദീജയുടെ ഒയലിച്ചയുടെ മാധുര്യം അതനുഭവിച്ചവരുടെ ഓര്‍മകളില്‍ ഇന്നും സജീവമായി അവശേഷിക്കുന്നു.

ഭര്‍ത്താവ്: കെ.പി.അബ്ദുല്ല. മറ്റുമക്കള്‍: ഹബീറ, റഹ് മത്ത്. മരുമകള്‍: യു.കെ. സീനത്ത്. സഹോദരങ്ങള്‍: മഹമൂദ്, ഹംസ, സുഹറ, സഫിയ.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.