Latest News

കാളവണ്ടി ഫാഷനാക്കി ഉദുമക്കാര്‍

ഉദുമ: [www.malabarflash.com] പഴയകാലത്ത് കാളവണ്ടികള്‍ക്ക് പേര് കേട്ട നാടായിരുന്നു ഉദുമ. പുതുപുത്തന്‍ വാഹനങ്ങള്‍ കടന്ന് വന്നതോടെ കാളവണ്ടികള്‍ ഉദുമയിലെ പഴമക്കാരുടെ ഓര്‍മ്മകള്‍ മാത്രമായി.

കാളവണ്ടികളുടെ ചിത്രങ്ങള്‍ പാഠപുസ്തകങ്ങളിലും ചില സിനിമകളിലും മാത്രം കണ്ട പുതുതലമുറയ്ക്ക് അത് നേരില്‍ കാണിക്കാരനും ഉദുമയിലെ പഴയ കാഴ്ചകള്‍ നിലനിര്‍ത്താനും വേണ്ടി ഉദുമ പടിഞ്ഞാര്‍ തറവാട്ടിലെ പൊക്ലി മൂന്ന് മാസം മുമ്പ് ഒരു കാളവണ്ടി വാങ്ങി. ഈ കാളവണ്ടി ഇപ്പോള്‍ ഉദുമക്കാരുടെ ഫാഷനായി മാറിയിരിക്കുകയാണ്. 

കഴിഞ്ഞ മാസം നടന്ന ബാര പാറമ്മല്‍ തറവാട്, പനയാല്‍ അടുക്കം തറവാട് എന്നിവിടങ്ങളിലെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിലെയും ഉദയമംഗലം ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന്റെയും കലവറഘോഷയാത്രകളില്‍ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച പൊക്ലിയുടെ കാളവണ്ടി മണി ശബ്ദം മുഴക്കി നീങ്ങിയപ്പോള്‍ പുതിയ തലമുറയ്ക്ക് കൗതുകമായി. അവര്‍ ഈ വില്ലുവണ്ടിക്കടുത്ത് (ഭാരം കയറ്റുന്ന വണ്ടിക്ക് ചക്കടാവണ്ടിയെന്നും യാത്രയ്ക്കുപയോഗിക്കുന്നതിനു വില്ലുവണ്ടിയെന്നുമാണ് കാളവണ്ടികളുടെ പഴയ പേര്) നിന്ന് മൊബൈലില്‍ ഫോട്ടോ പകര്‍ത്താന്‍ തിരക്ക് കൂട്ടി. ഇവരെടുത്ത സെല്‍ഫികള്‍ വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും നിറഞ്ഞു.

അതിനിടെ പാലക്കുന്ന് ബ്രദേര്‍സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടിയിലും പൊക്ലിയുടെ ഈ കാളവണ്ടി താരമായി.


വ്യാഴാഴ്ച പാലക്കുന്ന് അംബികാ ഓഡിറേറാറിയത്തില്‍ വെച്ച് വിവാഹിതരായ ഉദയമംഗലത്തെ ദാമോധരന്റെ മകന്‍ കിരണും ഉദുമ പടിഞ്ഞാര്‍ കൊവ്വല്‍ ബീച്ചിലെ അമ്പുജാക്ഷന്റെ മകള്‍ മിഥിലയും ഓഡിറേറാറിയത്തിലെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയത് പൊക്ലിയുടെ അലങ്കരിച്ച കാളവണ്ടിയിലാണ്.

Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.