Latest News

തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു; മഡിയന്‍ കൂലോം ക്ഷേത്രപാലക സന്നിധിയില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി

കാഞ്ഞങ്ങാട്: [www.malabarflash.com] ക്ഷേത്രപാലകന്‍ ഈശ്വരന്‍, കാളരാത്രി അമ്മ, നടയില്‍ ഭഗവതി തെയ്യങ്ങളുടെ തിരുമുടി ഉയര്‍ന്നപ്പോള്‍ കലശങ്ങള്‍ ക്ഷേത്രത്തെ വലംവച്ചു. ആചാരപ്പെരുമയില്‍ നടന്ന ചടങ്ങു വീക്ഷിക്കാന്‍ മഡിയന്‍ കൂലോം ക്ഷേത്രപാലക സന്നിധിയില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.

ക്ഷേത്രത്തില്‍ കലശ ഉല്‍സവത്തിനു സമാപനം കുറിച്ചു നടന്ന ചടങ്ങിനു സാക്ഷിയാകാന്‍ ഉച്ചതിരിഞ്ഞു തന്നെ ഭക്തരുടെ പ്രവാഹമായിരുന്നു. അകത്തെ കലശ ദിനമായ വ്യാഴാഴ്ച മണാളന്‍, മണാട്ടി, മാഞ്ഞാളി അമ്മ തെയ്യങ്ങള്‍ കെട്ടിയാടി. അടോട്ട്, വയലില്‍, കിഴക്കുംകര എന്നിവിടങ്ങളില്‍ നിന്നുള്ള കലശം എഴുന്നള്ളത്തുമുണ്ടായി.

പുറത്തേകലശ ദിവസമായ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണു ക്ഷേത്രപാലകന്‍ ഈശ്വരന്‍, കാളരാത്രി അമ്മ, നടയില്‍ ഭഗവതി തെയ്യങ്ങളുടെ തിരുമുടി ഉയര്‍ന്നത്. അടോട്ട്, വയലില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കലശവും കിഴക്കുംകര, മടിക്കൈ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു വീതം കലശങ്ങളുമാണ് ഈ സമയം ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്തത്.

പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മീന്‍ കാഴ്ചയും ക്ഷേത്രത്തിലെത്തി. കലശോല്‍സവത്തിനെത്തിയവര്‍ തെയ്യങ്ങളുടെ അനുഗ്രഹവും വാങ്ങി മഞ്ഞള്‍ പ്രസാദവുമായാണു മടങ്ങിയത്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.