Latest News

ഷാഹുല്‍ ഹമീദ് വധം: ഒന്നാം പ്രതിയെ കുറ്റ വിമുക്തനാക്കി, രണ്ട് പ്രതികള്‍ റിമാന്‍ഡില്‍

ഉദുമ: [www.malabarflash.com] മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ഷാഹുല്‍ ഹമീദിനെ മൃഗീയമായി തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക മൊഴിയനുസരിച്ച് എഫ് ഐ ആറില്‍ ഒന്നാം പ്രതിയായ ചേര്‍ത്ത യുവാവിനെ പോലീസ് കുറ്റ വിമുക്തനാക്കി.

സംഭവ സമയത്ത് ഷാഹുല്‍ ഹമീദിനോടൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ബാദുഷയുടെ മൊഴിയനുസരിച്ച് നാലാംവാതുക്കലിലെ നബീലും കണ്ടാലറിയാവുന്ന 12 പേര്‍ക്കുമെതിരെയാണ് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കേസ് അന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ നബീലിന് ഈ സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായി. ഈ കേസില്‍ വെളളിയാഴ്ച അറസ്റ്റിലായ പാക്യാരയിലെ കാഉ എന്ന് വിളിക്കുന്ന മുഹമ്മദ് ഇര്‍ഷാദിനോട് രൂപ സാദൃശ്യമുള്ള യുവാവാണ് നബീല്‍.
കാഉ എന്ന് തെറ്റിദ്ധരിച്ചാണ് നബീലിന്റെ പേര് മൊഴിയില്‍ പറഞ്ഞതെന്ന് ബാദുഷ തന്നെ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയിലായിരുന്ന നബീലിനെ മാറി മാറി ചോദ്യം ചെയ്തപ്പോഴൊക്കെ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും നബീല്‍ പോലീസിനോട് പറഞ്ഞിരുന്നു. 

നബീലിന്റെയും ബാദുഷയുടെയും മൊഴി പരിശോധിച്ച പോലീസ് കേസില്‍ നബീല്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് നബീലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണ സംഘം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ ഈ കേസിലെ മറ്റ് ആറ് പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന.
വെളളിയാഴ്ച അറസ്റ്റിലായ റഈസിനെയും ഇര്‍ഷാദിനെയും ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) പി എം സുരേഷിന് മുമ്പാകെ ഹാജരാക്കി. 

മുഖംമൂടി ധരിച്ചാണ് ഇരുവരെയും കോടതിയിലെത്തിച്ചത്. ഈ കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ തീരുമാനിച്ചത് കൊണ്ടാണ് ഇവരെ മുഖംമൂടി ധരിച്ച് കോടതിയില്‍ എത്തിച്ചത്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.