Latest News

ഉദുമ മയക്കു മരുന്നിന്റെ പിടിയില്‍; ക്രൂരമായ അക്രമങ്ങള്‍ക്ക് പിന്നില്‍ ലഹരി

ഉദുമ: [www.malabarflash.com] ഉദുമയിലും പരിസരങ്ങളും മയക്കു മരുന്നിന്റെ പിടിയില്‍. അന്യ സംസ്ഥാന തൊഴിലാളികളും ക്വാര്‍ട്ടേസുകളില്‍ താമസമാക്കിയ അന്യ ജില്ലക്കാരും വഴിയാണ് കഞ്ചാവ്, മയക്കു മരുന്ന് ഗുളികകള്‍ വന്‍ തോതില്‍ ഈ പ്രദേശത്ത് എത്തിച്ചേരുന്നുണ്ടെന്ന് വ്യക്തമായി.

ധാരാളം യുവാക്കള്‍ മയക്കു മരുന്നിന് അടിമകളായി തീര്‍ന്നിട്ടുണ്ട്. 18 മുതല്‍ 25 വയസ്സ് വരെയുള്ള ചെറുപ്പക്കാരാണ് മയക്കു മരുന്നിന്റെ ഇര.

ഉദുമയിലും പരിസരങ്ങളിലും സമീപകാലത്തു നടന്ന ക്രൂരമായ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമായത് മയക്കു മരുന്നിന് അടിമകളായ ചെറുപ്പക്കാരുടെ തേര്‍വാഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുക്കൂട് സ്വദേശിയും കണ്ണംകുളം ക്വാര്‍ട്ടേസില്‍ താമസക്കാരനുമായ യുവാവിനെ തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് ഉദുമയിലെയും പരിസരങ്ങളിലെയും യുവാക്കള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വിവരം പുറത്ത് വന്നത്.

അതിനിടെ ആറാട്ടുകടവിലെ സി.പി.എം പ്രവര്‍ത്തകരെ അക്രമിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. രാത്രി ഒരുമണിയോടെ ഇതു വഴി മരണ വീട്ടിലേക്ക് പുറപ്പെട്ട ഷാഹുല്‍ ഹമീദും സഹോദരന്‍ ബാദുഷയും ഈ സംഘത്തിന്റെ മുന്നില്‍പ്പെട്ടത്. ആളുമാറിയാണ് ഇവരെ അക്രമിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.

അക്രമി സംഘത്തെ ബാദുഷ തിരിച്ചറിഞ്ഞതാണ് കൊലയില്‍ കലാശിച്ചെതെന്നാണ് സൂചന. ബാദുഷയും ഷാഹുല്‍ ഹമീദും അക്രമികളോട് കേണപേക്ഷിച്ചെങ്കിലും ലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട അക്രമി സംഘം ക്രൂരമായി തല്ലിചതയ്ക്കുകയായിരുന്നു. അര മണിക്കൂറോളം രക്തത്തില്‍ കുളിച്ച് ഹമീദ് റോഡില്‍ കിടന്നു. ബാദുഷ അടുത്ത വീടുകളില്‍ കയറി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രാത്രി ഏറെ വൈകിയതിനാലും അടുത്ത വീടുകളിലെന്നും പുരുഷന്‍മാര്‍ ഇല്ലാത്തതിനാലും ആരും വാതില്‍ തുറയ്ക്കാന്‍ തയ്യാറായില്ല. 

പിന്നീട് ബാദുഷ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദുമ പടിഞ്ഞാറിലെ മരണ വീട്ടില്‍ വിവരമറിയിക്കുകയും അവിടെ നിന്നും എത്തിയവരാണ് ഷാഹുല്‍ ഹമീദിനെയും ബാദുഷയെയും ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് നാല് മാരക മുറികളും ഇരു കൈകളും,കാലുകളും അടിച്ചു തകര്‍ത്ത നിലയിലുമായിരുന്നു ഷാഹുല്‍ ഹമീദിനെ ഉദുമയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇടക്കിടെ ഉടലെടുക്കാറുള്ള സി പി എം -ലീഗ് സംഘര്‍ഷങ്ങളുടെ മറവില്‍ ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന പല അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇതേ സംഘമാണെന്ന് പോലീസിന് ഇതിനകം വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പാക്യാര കുന്നുമ്മലിലെ ടൈലറിംഗ് ഷോപ്പിന് തീ വച്ചതും മുരളീധരന്‍ എന്നയാളുടെ വീടിന് നേരെ കല്ലേറു നടത്തിയതും പത്ര വിതരണ ഏജന്റ് രാജേഷിന്റെ ഇരു കൈകാലുകള്‍ തല്ലിയൊടിച്ചതും നാലാം വാതുക്കലില്‍ ഒരു ലോഡ്ജിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതും ഇതേ സംഘമെന്നാണ് സൂചന. ഇതിനെ കുറിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഈ കേസുകളിലെല്ലാം നിരപരാധിയായ പലരും മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ഇത് കാരണം അഞ്ചോളം യുവാക്കളുടെ ഗള്‍ഫിലെ ജോലിപോലും നഷ്ടമായ സംഭവവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിരപരാതിയായ ആളുകളുടെ പേരില്‍ പോലീസ് കേസെടുത്ത് ജയിലിലടക്കലാണ് പതിവ്.

ഷാഹുല്‍ ഹമീദ് വധക്കേസിലും ഇതേ അവസ്ഥ തന്നെ ഉണ്ടാകുമായിരുന്നു. എന്നാല്‍ രാഷ്ട്രീയ നേതൃത്വവും നാലാംവാതുക്കലിലെ ഒരു സംഘം യുവാക്കളും ചേര്‍ന്ന് കൊല നടന്ന ദിവസം തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് യഥാര്‍ത്ഥ പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിക്കാന്‍ സഹായകമായത്. 

കൂടാതെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒന്നടങ്കം പോലീസിന് ശക്തമായ പിന്തുണയുമായി രംഗത്ത് വന്നതോടെ പ്രതികളെ കണ്ടെത്താന്‍ എളുപ്പമായി.
നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിലൂടെയാണ് ഹമീദിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞത്.

ഉദുമയിലും പരിസരങ്ങളിലും മദ്യ മയക്കുമരുന്ന് ലോബികളെ അടിച്ചമര്‍ത്താന്‍ ഒററക്കെട്ടായി രംഗത്തിറങ്ങാനുളള തയ്യാറെടുപ്പിലാണ് ഉദുമയിലെ രാഷ്ട്രീയ തേൃത്വവും മത സാംസ്‌കാരിക സംഘടനകളും.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.