Latest News

കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച:പഞ്ചലോഹ വിഗ്രഹവും ഓടു വിഗ്രഹവും മോഷണംപോയി

വെള്ളരിക്കുണ്ട്: [www.malabarflash.com] വെസ്റ്റ് എളേരി കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ഓടിളക്കി ക്ഷേത്രവാതില്‍ തകര്‍ത്തു അകത്തു കടന്ന മോഷ്ടാക്കള്‍ പഞ്ചലോഹ വിഗ്രഹം കവര്‍ച്ച ചെയ്തു. മുമ്പു രണ്ടു തവണ കവര്‍ച്ച ചെയ്യപ്പെട്ട 400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹമാണു വീണ്ടും മോഷണം പോയത്.

വര്‍ഷങ്ങള്‍ക്കു മുമ്പു ഇതേ പഞ്ചലോഹ വിഗ്രഹം മോഷണംപോയതിനെതുടര്‍ന്നു ക്ഷേത്രത്തില്‍ ഓടിന്റെ വിഗ്രഹം നിര്‍മിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മോഷണംപോയ പഞ്ചലോഹ വിഗ്രഹം തിരുമേനിയിലെ കാവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതാണു വീണ്ടും മോഷണംപോയത്.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേതമായതിനാല്‍ സൂക്ഷിപ്പുകാരന്‍ നാരായണന്‍ രാവിലെ എത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. ക്ഷേത്രകിണറ്റിലുണ്ടായിരുന്ന കയര്‍ ഉപയോഗിച്ചു ക്ഷേത്രത്തിന്റെ ഓടിളക്കിയാണു മോഷ്ടാക്കള്‍ അകത്തു കടന്നത്. ബുധനാഴ്ച വെളുപ്പിനാണു മോഷണം നടന്നതെന്നാണു പ്രാഥമിക നിഗമനം.
വെള്ളരിക്കുണ്ട് സിഐ ടി.പി.സുമേഷ്, എസ്‌ഐ മധുമദനന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കവര്‍ച്ചാവിവരമറിഞ്ഞു നൂറുകണക്കിനു നാട്ടുകാര്‍ സ്ഥലത്തു തടിച്ചുകൂടി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.