Latest News

9 മാസം മുമ്പ് മരണപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ് മാമ്പഴമേളയില്‍ ആശംസാ പ്രാസംഗികന്‍

പടന്നക്കാട്: [www.malabarflash.com] മാമ്പഴം രുചിക്കാന്‍ തോമസ് ജോസഫ് എത്തിയില്ല. അസുഖത്തെ തുടര്‍ന്ന് എട്ടുമാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 259 ദിവസം മുമ്പ് തോമസ് ജോസഫ് ഇഹലോക വാസം വെടിഞ്ഞിരുന്നു. ഇതൊന്നും കൃഷി വകുപ്പിനോ കേരള കാര്‍ഷിക സര്‍വ്വകലാശാലക്കോ പടന്നക്കാട് കാര്‍ഷിക കോളേജ് അധികൃതര്‍ക്കോ അറിയില്ല.

വെളളിയാഴ്ച രാവിലെ പടന്നക്കാട് കാര്‍ഷിക കോളേജ് ക്യാമ്പസില്‍ ആരംഭിച്ച മാമ്പഴ മേളയുടെയും ഉല്‍പ്പാദന കേന്ദ്രത്തിന്റെയും ഉദ്ഘാടന ചടങ്ങിലും അവക്ഷിപ്ത കീടനാശിനി പരിശോധന ലാബോറട്ടറിയുടെയും ശിലാ സ്ഥാപന ചടങ്ങിലും ആശംസാ പ്രാസംഗികരുടെ കൂട്ടത്തില്‍ കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) നേതാവായിരുന്ന കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശി തോമസ് ജോസഫിന്റെ പേരുണ്ട്. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 20 ന് കടുത്ത പ്രമേഹത്തെയും ഹൃദയാഘാതത്തെയും തുടര്‍ന്ന് തോമസ് ജോസഫ് മരണപ്പെട്ടിരുന്നു. 

മരിക്കുമ്പോള്‍ അദ്ദേഹം കേരള കോണ്‍ഗ്രസ്(ജേക്കബ്ബ്) സംസ്ഥാനതല ഉന്നതാധികാര സമിതി അംഗമായിരുന്നു. വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായിരുന്ന അദ്ദേഹം ആ പദവി ഒഴിഞ്ഞ് സംസ്ഥാന നേതൃ നിരയില്‍ കടക്കുകയായിരുന്നു. പകരം ജില്ലാ പ്രസിഡണ്ടായി എബ്രഹാം തോണക്കര ചുമതല ഏല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജുലായ് മാസത്തില്‍ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസം കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിഞ്ഞ തോമസ് ജോസഫ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് ആഗസ്റ്റ് മാസത്തില്‍ അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. 

മരണപ്പെട്ട ഒരാളെ സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടിയില്‍ ആശംസാ പ്രാസംഗികനാക്കിയത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
തൃശൂര്‍ മണ്ണൂത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാല അധികൃതരാണ് പരിപാടിയില്‍ പങ്കെടുക്കുന്നവരെ തീരുമാനിച്ചത്. പഴയ രേഖകള്‍ നോക്കിയാണ് കേരള കോണ്‍ഗ്രസ് (ജേക്കബ് ) പ്രതിനിധി എന്ന നിലയില്‍ പരേതനായ തോമസ് ജോസഫിന്റെ പേര് ആശംസാ പ്രാസംഗികരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
അതിനിടെ അബദ്ധം മണത്തറിഞ്ഞ സംഘാടകര്‍ തോമസ് ജോസഫിന്റെ പേര് ഒഴിവാക്കി ആശംസാ പ്രാസംഗികരുടെ പുതിയ പട്ടിക തയ്യാറാക്കി വെളളിയാഴ്ചത്തെ ചടങ്ങില്‍ വിവാദങ്ങള്‍ ഒഴിവാക്കി.
സ്വാഗത പ്രാസംഗീകനായ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സി രാജേന്ദ്രന്‍ ആശംസാ പ്രാസംഗീകരെ പേരെടുത്ത് സ്വാഗതം ആശംസിക്കാതെ അവരെ എല്ലാവരെയും മൊത്തത്തില്‍ സ്വാഗതം ചെയ്യുകയായിരുന്നു.

ചടങ്ങ് രാവിലെ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. മാമ്പഴ മേള തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ വി വി ശോഭ, കെ പ്രീത, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ അഡ്വ. സി കെ ശ്രീധരന്‍, കെ പി സതീശ് ചന്ദ്രന്‍, മടിക്കൈ കമ്മാരന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കെ വി കൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ നന്ദി പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.