നീലേശ്വരം: [www.malabarflash.com] ഇസ്തിരിപ്പെട്ടി കൊണ്ട് ദേഹമാസകലം ചുട്ടുപൊള്ളിച്ചും കൈകാലുകള്‍ തല്ലിയൊടിച്ചും യുവ ഭര്‍തൃമതി നാസിയയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണത്തിലുണ്ടായ അനാസ്ഥ ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡി വൈ എസ് പി കെ വി സന്തോഷ് കുമാര്‍ കാഞ്ഞങ്ങാട്ടെത്തി നാസിയയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു.
നീലേശ്വരം പേരോലിലെ ഭര്‍തൃഗൃഹത്തില്‍ മൂന്ന് കുട്ടികളുടെ മാതാവും കൂളിയാങ്കാല്‍ സ്വദേശിനിയുമായ നാസിയ ക്രൂര പീഡനത്തിനിരയായത് ഇക്കഴിഞ്ഞ മാര്‍ച്ച് 13 നാണ്. മുഖത്തും കൈകാലുകളിലും അടിവയറിലും തുടകള്‍ക്കും ഇരുകാലുകള്‍ക്കും ഭര്‍ത്താവ് ഫൈസലും സഹോദരി ഹോമിയോ ഡോക്ടര്‍ നാദിറയും മാതാവ് ഫാത്തിമയും ചേര്‍ന്ന് ഇസ്തിരിപ്പെട്ടി കൊണ്ട് ചുട്ടുപൊള്ളിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായ അനാസ്ഥ കാണിച്ചുവെന്ന നാസിയയുടെ പിതൃ സഹോദരനും മുസ്‌ലിം ലീഗ് നേതാവുമായ സി മുഹമ്മദ് കുഞ്ഞി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയിരുന്നു.
മന്ത്രി കുഞ്ഞാലിക്കുട്ടി സംഭവം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് അനാസ്ഥ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചത്.
ഭര്‍തൃമതിയായ യുവതി ക്രൂരമായ പീഡനത്തിനിരയായി രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മെനക്കെട്ടില്ലെന്നാണ് നാസിയയുടെയും ബന്ധുക്കളുടെയും പ്രധാന പരാതി. ഭര്‍ത്താവ് ഫൈസലിനെതിരെ ഫയല്‍ ചെയ്ത ഗാര്‍ഹിക പീഡന കേസില്‍ മൊഴി നല്‍കാന്‍ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായ നാസിയയില്‍ നിന്നും കോടതി പരിസരത്തെത്തിയാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സന്തോഷ് കുമാര്‍ മൊഴിയെടുത്തത്.
നാസിയയെ കൂടാതെ പിതാവ് സി അബ്ദുള്ള, പിതൃ സഹോദരന്‍ സി മുഹമ്മദ് കുഞ്ഞി എന്നിവരില്‍ നിന്നും അദ്ദേഹം വിശദവിവരങ്ങള്‍ ശേഖരിച്ചു.
ഇതിനിടെ ഈ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18ന് കേരള ഹൈക്കോടതി പരിഗണിക്കും.
No comments:
Post a Comment