ആലപ്പുഴ: [www.malabarflash.com] സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുന്നമടയിലെ ജലകായിക പരിശീലന കേന്ദ്രത്തിലെ നാലുപെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ നിരീക്ഷണത്തിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം പുറത്തുപോയ സമയത്താണ് വിഷക്കായ കഴിച്ചത്. രാത്രി എട്ട് മണിയോടെ കുട്ടികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടികളും ഹോസ്റ്റലിന്‍െറ ചുമതലയുള്ളവരും ചേര്‍ന്ന് കുട്ടികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ നഗരത്തിലെയും കുട്ടനാട്ടിലെയും സ്കൂളുകളില്‍ പഠിക്കുന്ന 15 വയസ്സിനടുത്ത് പ്രായമുള്ളവരാണ് നാല് പെണ്‍കുട്ടികളും. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് പുന്നമടയിലെ ഹോസ്റ്റലില്‍ താമസിച്ച് കയാക്കിങ്, കനോയിങ് പരിശീലനം നടത്തുകയാണ്.
മുമ്പ് എപ്പോഴോ പുറത്തുപോയ സമയം പെണ്‍കുട്ടികള്‍ ബിയര്‍ കഴിച്ചത് കോച്ചിനെയും മറ്റും അറിയിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും ഇതു സംബന്ധിച്ച മനോവിഷമമാണ് ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
No comments:
Post a Comment