Latest News

മരം വീണ് ആംബുലന്‍സ് തകര്‍ന്നു; ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂര്‍: [www.malabarflash.com] മരം വീണ് തകര്‍ന്ന ഐ.സി. യൂണിറ്റ് ആംബുലന്‍സിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു.

ആംബുലന്‍സ് ഡ്രൈവര്‍ കോട്ടയം പൊന്‍കുന്നം വെട്ടിക്കതുണ്ടത്തില്‍ വീട്ടില്‍ സുബിന്‍ സുരേന്ദ്രന്‍ (26), എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ കൊല്ലം മയ്യനാട് പാലേലില്‍ ഷാഫി (27) എന്നിവരാണ് ഡ്രൈവറുടെ കാബിനിലുണ്ടായിരുന്നത്. ആംബുലന്‍സിന്റെ തീവ്രപരിചരണ യൂണിറ്റിലെ ഉപകരണങ്ങള്‍ തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് കാബിനില്‍ അകപ്പെട്ട ജീവനക്കാരെ ഫയര്‍ഫോഴ്‌സ് എത്തിയ ശേഷം ചില്ല് തകര്‍ത്താണ് പുറത്തിറക്കിയത്.

തിങ്കളാഴ്ച വൈകീട്ട് 3.10ന് വടക്കേ ബസ്സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തൃശ്ശൂര്‍ അശ്വിനി ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിയെ എറണാകുളത്തെത്തിക്കാനാണ് തീവ്രപരിചരണ ഐ.സി.യു. ആംബുലന്‍സ് തൃശ്ശൂരിലെത്തിയത്. 

ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് സമാനമായ സൗകര്യങ്ങളാണ് ഐ.സി.യു. ആംബുലന്‍സിലുള്ളത്. മുംബൈ ആസ്ഥാനമായ സിഗിറ്റ്‌സ ഹെല്‍ത്ത് കെയര്‍ എന്ന
സ്ഥാപനത്തിന്റെ ഒറ്റപ്പാലം യൂണിറ്റിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. 1298 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇതിന്റെ സേവനം ലഭ്യമാകും.

ഉച്ചയ്ക്ക് രണ്ടുണിയോടെ ഒറ്റപ്പാലത്തുനിന്ന് തൃശ്ശൂരിലെത്തിയ ആംബുലന്‍സ് എറണാകുളത്ത് കൊണ്ടുപോകേണ്ട രോഗിയെയും കാത്ത് കിടക്കുകയായിരുന്നു. ആസ്പത്രിയില്‍ പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്തതിനാല്‍ വടക്കേസ്റ്റാന്‍ഡിന് സമീപത്ത് മരത്തണലില്‍ നിര്‍ത്തിയിട്ടപ്പോഴാണ് അപകടം.

കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് പിന്നിലായി വടക്കേസ്റ്റാന്‍ഡ് - അശ്വിനി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന വാകമരമാണ് കടപുഴകിവീണത്. ഒരുമണിക്കൂര്‍ പരിശ്രമിച്ച ശേഷം ഫയര്‍ഫോഴ്‌സ് മരം മുറിച്ചുമാറ്റി. ഒരുമണിക്കൂറോളം ഗതാഗതവും മുടങ്ങി.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.