Latest News

അരുവിക്കരയില്‍ എം. വിജയകുമാര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം : [www.malabarflash.com] അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എം.വിജയകുമാറിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നാലുതവണ എംഎല്‍എയായിരുന്ന എം. വിജയകുമാര്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് നാലുമാസത്തോളം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.

1981 ല്‍ എല്ലാവര്‍ക്കും ജോലി എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പ്രമേയവുമായി നടത്തി പാര്‍ലമെന്റ് മാര്‍ച്ചിനും നേതൃത്വം കൊടുത്തു. 1987 ഓഗ്‌സ്ത് 15ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാതയോരത്ത് 693 കിലോമീറ്റര്‍ നീളത്തില്‍ സൃഷ്ടിച്ച മനുഷ്യച്ചങ്ങലയുടെ അമരക്കാരനായിരുന്നു.

ജി. കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഡോ. എം. സുലേഖയെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മത്സര സന്നദ്ധത വ്യക്തമാക്കിയില്ലെങ്കിലും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് സുലേഖ വഴങ്ങാനാണ് സാധ്യത. 

ജി.കാര്‍ത്തികേയന്‍ അന്തരിച്ചശേഷം നടന്ന ആലോചനകളില്‍ തന്നെ സുലേഖയുടെ പേരിനായിരുന്നു നേതാക്കളുടെയിടയില്‍ മുന്‍തൂക്കം. മുഖ്യമന്ത്രി, കെ.പി. സി.സി. പ്രസിഡന്റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ ഒരുമിച്ച് സുലേഖയെ സന്ദര്‍ശിച്ച് പാര്‍ട്ടിയുടെ താത്പര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തയായിട്ടില്ലാത്തതിനാല്‍ അതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയുന്നില്ലെന്ന രീതിയിലാണ് അവര്‍ അന്ന് മറുപടി പറഞ്ഞത്. സുലേഖയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് വിവാദത്തിന് അടിസ്ഥാനമില്ല.

കാര്‍ത്തികേയന്‍ ഏറ്റവുമൊടുവില്‍ 10000 ലേറെ വോട്ടിന് ജയിക്കുകയും അഞ്ചുപ്രാവശ്യം പ്രതിനിധാനം ചെയ്യുകയുംചെയ്ത മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനം തുണയാകുമെന്നാണ് യു.ഡി. എഫിന്റെ കണക്കുകൂട്ടല്‍. 

എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എ.സമ്പത്തിന് അരുവിക്കരയില്‍ 4000 ല്‍പ്പരം വോട്ട് കൂടുതല്‍ കിട്ടിയതും സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളുമാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്നത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.