Latest News

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപ്പിടിത്തം

കോഴിക്കോട്: [www.malabarflash.com] നഗരമധ്യത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ മിഠായിത്തെരുവില്‍ വന്‍ തീപ്പിടിത്തം. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ഹനുമാന്‍ കോവിലിനും കോയന്‍കോ ബസാറിനും സമീപമുള്ള കടകളിലുമാണ് തീ പടര്‍ന്നുപിടിച്ചത്.
അരമണിക്കൂറിനുള്ളില്‍ സമീപമുള്ള കെട്ടിടങ്ങള്‍ മുഴുവന്‍ തീ വിഴുങ്ങി. പത്തോളം കടകള്‍ പൂര്‍ണമായും ഗോഡൗണുകളും ഓഫീസ് മുറികളുമായി മുപ്പതിലേറെ മുറികളും കത്തിനശിച്ചു.

ഹനുമാന്‍ കോവിലിനു സമീപമുള്ള ബ്യൂട്ടി സ്റ്റോഴ്‌സ് കെട്ടിടത്തിനു പിന്‍ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആ കട ഉള്‍പ്പെടുന്ന രണ്ട് നില കെട്ടിടമാണ് ആദ്യം കത്തിനശിച്ചത്. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രാത്രി വൈകിയായതിനാല്‍ ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ് ബ്യൂട്ടി സ്റ്റോര്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയുടെ മേല്‍ക്കൂരയിലേക്ക് പടര്‍ന്ന തീ സമീപത്തെ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ബട്ടണ്‍ ഹൗസ്, ബ്രദേഴ്‌സ് ഡ്രസ്സസ്, ഹണീബി ഫാഷന്‍സ്, ബോയ്‌സ് സോണ്‍ റെഡിമെയ്ഡ് സ്റ്റോര്‍ തുടങ്ങിയവയടക്കം പത്തോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.

ഓടും ആസ്ബസ്‌റ്റോസ് ഷീറ്റും മേഞ്ഞ പഴക്കംചെന്ന കെട്ടിടങ്ങള്‍ ആണ് ഈ ഭാഗത്തുള്ളത്. മിക്കതും തുണിക്കടകളായതും തീപ്പിടിത്തതിന് ആക്കംകൂട്ടി. ഓട് പൊട്ടിത്തെറിച്ചും ചൂടും പുകയും കാരണവും കെട്ടിടത്തിന് സമീപത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ പോലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടി. 15ഓളം ഫയര്‍എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രണ്ട് ക്രാഷ് ടെന്‍ഡറുകളും 11.15 ഓടെ എത്തി. ഫയര്‍ഫോഴ്‌സിനും പോലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാത്രി പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡര്‍ എത്തിയശേഷമാണ് തീ അല്‍പമെങ്കിലും നിയന്ത്രണവിധേയമായത്.

2007ല്‍ മിഠായിത്തെരുവിന് സമീപത്തെ എം.പി.റോഡിലെ ഒരു പടക്കക്കടയ്ക്ക് തീപിടിച്ച് ആറുപേര്‍ മരിച്ചിരുന്നു. ഇതിന് എതിര്‍വശത്തായാണ് ഇപ്പോള്‍ തീപ്പിടിത്തമുണ്ടായത്.
UPDATE
 

Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.