Latest News

ഫോട്ടോയെടുക്കുമ്പോള്‍ കടലില്‍ വീണ യുവാവിനെ കാണാതായി

വിഴിഞ്ഞം: [www.malabarflash.com] ബൊള്ളാര്‍ഡ് പുള്‍ പരിശോധനാ കേന്ദ്രത്തിനു സമീപം കടല്‍തീരത്ത് ഉല്ലാസ യാത്രയ്‌ക്കെത്തിയ ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള നാലംഗ സംഘത്തിലെ എന്‍ജിനീയറെ പാറപ്പുറത്തുനിന്നു ഫോട്ടോയെടുക്കുമ്പോള്‍ കടലില്‍ വീണു കാണാതായി.

ടെക്‌നോപാര്‍ക്കിലെ ടാറ്റാ എലെക്‌സി കമ്പനി ഉദ്യോഗസ്ഥനും ആന്ധ്രപ്രദേശ് രുദ്രവരം സ്വദേശിയുമായ വിനോദ് കുമാര്‍ ലിംഗ(26)യാണ് ശനിയാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കളും വടക്കേ ഇന്ത്യക്കാരുമായ അമര്‍, വെങ്കിടേശ് കുല്‍ക്കര്‍ണി, വാമനപുരം സ്വദേശി ലിംരാജ് എന്നിവര്‍ക്കൊപ്പമാണു വിനോദ് ഇവിടെയെത്തിയത്.

ബൊള്ളാര്‍ഡ് പുള്‍ പരിശോധനാ കേന്ദ്രത്തിനു സമീപം താഴത്തെ പാറക്കൂട്ടത്തില്‍നിന്നു ഫോട്ടോയെടുക്കുമ്പോള്‍ വീശിയടിച്ച തിരയില്‍പ്പെട്ടു കടലില്‍ വീണ വിനോദിനെ കാണാതാകുകയായിരുന്നെന്നു തീരദേശ പൊലീസ് പറഞ്ഞു.

സമീപത്തുനിന്നു തീരദേശ പൊലീസ് രക്ഷാബോട്ട് എത്തിയെങ്കിലും രക്ഷാദൗത്യം കാര്യക്ഷമമായി നടത്താനായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു. പിന്നീടു പ്രദേശത്തെ ഡൈവിങ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മുങ്ങല്‍ വിദഗ്ധര്‍ മൂന്നു ബോട്ടുകളിലായി വൈകിട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും കടല്‍ ക്ഷോഭിച്ചതിനാല്‍ വിനോദിനെ കണ്ടെത്താനായില്ല.

തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുടെ ബോട്ടുകളും സന്ധ്യവരെ തിരച്ചില്‍ നടത്തി. തിരച്ചില്‍ ഞായറാഴ്ചയും തുടരും. ഏതാനും ദിവസം മുമ്പാണു ബാംഗ്ലൂരിലെ ഓഫിസില്‍നിന്നു വിനോദ് ഒരാഴ്ചത്തെ പ്രോജക്ട് ജോലിക്കു തലസ്ഥാനത്തെത്തിയത്. സഹോദരന്‍: പ്രവീണ്‍.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.