Latest News

ഉപ്പയുടെ ആഗ്രഹം സഫലമായി; ഇനി പാവങ്ങളെ സഹായിക്കുന്ന ഡോക്ടറാകണം

മലപ്പുറം: [www.malabarflash.com] ‘ഉപ്പയുടെ ആഗ്രഹം സഫലമായി’. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി പി ഹിബക്ക് ആദ്യമായി പറയാനുള്ളത് അതാണ്.

മൂന്ന് വര്‍ഷം മുമ്പ് പിതാവ് മരിക്കുന്നതിന് മുമ്പ് വരെ ഹിബയോട് മെഡിക്കല്‍ പ്രവേശന പരീക്ഷ പാസായി കാണാന്‍ ആഗ്രഹം അറിയിച്ചിരുന്നു. രണ്ടാമൂഴത്തില്‍ അത് സഫലമായ സന്തോഷത്തിലാണ് ഹിബയും കുടുംബവും.

അടുത്ത മാസം ഒന്നിന് നടക്കുന്ന ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ നല്ല റാങ്ക് ലഭിച്ചില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാനാണ് ഹിബയുടെ തീരുമാനം. വലിയ ഡോക്ടറായി പാവങ്ങളെ സഹായിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹിബ പറഞ്ഞു.

മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് എസ് എസ് എല്‍സിയും പ്ലസ്ടുവും പഠിച്ചത്. എസ് എസ് എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ ഹിബക്ക് പ്ലസ്ടുവിന് 98.3 ശതമാനം മാര്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം പ്ലസ്ടു പരീക്ഷ കഴിഞ്ഞ ഉടനെയെഴുതിയ എന്‍ട്രന്‍സ് പരീക്ഷയില്‍ 3121-ാം റാങ്ക് ലഭിച്ചിരുന്നു.


സയന്‍സ് വിഷയങ്ങളോട് കൂടുതല്‍ ഇഷ്ടം വെച്ച ഹിബക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് വലിയ ആഗ്രഹമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താന്‍ ഡോക്ടറായി കാണാന്‍ തന്റെ പിതാവും മാതാവും വലിയ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ആ വഴി ചിന്തിച്ചതെന്ന് ഹിബ പറഞ്ഞു.

മെഡിക്കല്‍ പരീക്ഷയില്‍ ബയോളജി പരീക്ഷ കഴിഞ്ഞ് ഉത്തരങ്ങള്‍ ഒത്തു നോക്കിയപ്പോള്‍ ഒന്നും തെറ്റിയിട്ടില്ലെന്ന് ബോധ്യമായി. രസതന്ത്രത്തിനും ഭൗതിക ശാസ്ത്രത്തിനും ഒരുത്തരം തെറ്റായിരുന്നു. എന്നാല്‍ ചോദ്യാവലിയില്‍ നിന്ന് ഒന്ന് ഒഴിവാക്കിയതായി പിന്നീട് പ്രഖ്യാപനം വന്നതോടെ തെറ്റായി ഉത്തരമെഴുതിയതാണ് ഒഴിവാക്കിയതെന്ന് മനസ്സിലാക്കി. 960ല്‍ 950 മാര്‍ക്ക് വരെ ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

ഈ വര്‍ഷം മഞ്ചേരി ബാബാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ന്ന ഹിബ ക്ലാസ് സമയങ്ങളല്ലാത്തപ്പോഴും കോച്ചിംഗ് സെന്ററില്‍ ഇരുന്ന് പഠിച്ചു. വീട്ടിലെത്തിയാല്‍ രാത്രി എല്ലാവരും കിടന്നുറങ്ങിയതിന് ശേഷമാണ് കാര്യമായ പഠനം. പഠനത്തിന് പ്രത്യേക സമയം കണക്കാക്കിയിരുന്നില്ല. ഉറക്കം വരുന്നത് വരെ പഠിച്ചു.

മെഡിക്കല്‍ പ്രവേശന പരീക്ഷ വലിയ സംഭവമായി കാണുന്നുണ്ട്. എന്നാല്‍ ഇത് വളരെ ലളിതമാണെന്നും വിദ്യാര്‍ഥികളെ വെറുതെ ടെന്‍ഷനടിപ്പിക്കരുതുമെന്നാണ് ഹിബക്ക് പറയാനുള്ളത്.

കിഴിശ്ശേരി സ്വദേശിയായ പിതാവ് അബ്ദുര്‍റഹ്മാന്‍ കുട്ടി നേവി മര്‍ച്ചന്റില്‍ ഗ്യാസ് എന്‍ജിനീയര്‍ ആയിരുന്നു. സര്‍വീസിലിരിക്കെ മൂന്ന് വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ മാതാവ് കെ ടി സൈനബക്ക് മഞ്ചേരിയില്‍ കെല്‍ട്രോണ്‍ സ്ഥാപനത്തില്‍ ടി വി ഓപ്പറേറ്ററായി ജോലി ലഭിച്ചതോടെയാണ് താമസം മഞ്ചേരിയിലെ തുറക്കല്‍ ബൈപാസിനടുത്തുള്ള സൈനാസ് മന്‍സിലിലേക്ക് മാറ്റിയത്.

ഹിബയുടെ മൂത്ത സഹോദരി ആദില ബി ബി എ കഴിഞ്ഞു. എം ബി എക്ക് ചേരാനിരിക്കുകയാണ്. സഹോദരന്‍ ആദില്‍റഹ്മാന്‍ മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലാണ്.
******
മിന്‍ശാദ് അഹ്മദ്
(കടപ്പാട്: സിറാജ്)

Advertisement

Keywords: Malappuram News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.