Latest News

ഇരുകൈകാലുകളും നഷ്ടപ്പെട്ട സഹദ് വീല്‍ചെയറിലെത്തി, മഅ്ദനിയെ കാണാന്‍

ശാസ്താംകോട്ട: [www.malabarflash.com] മഅ്ദനി ഉസ്താദിനെ ദൂരെ കണ്ടപ്പോഴേക്കും അവന്റെ ഉള്ളില്‍ നന്ദിയും ബഹുമാനവും ആരാധനയും നിറയുന്നുണ്ടായിരുന്നു. തന്റെ ജീവന്‍ നിലനില്‍ക്കുന്നതിനു കാരണക്കാരനായ ഉസ്താദിനെ താണുവീണ് നമസ്‌കരിക്കാനാഗ്രഹിച്ചു. എന്നാല്‍ അവന് അങ്ങനെ ആഗ്രഹിക്കാനേ കഴിയൂ. ഇരു കൈകാലുകളും നഷ്ടപ്പെട്ട അവന് വീല്‍ചെയര്‍ വിടാനേ കഴിയില്ല.

ചികിത്സാ സഹായം നല്‍കിയ മഅ്ദനി ഉസ്താദിനെ നേരില്‍ കാണാനാവുമെന്ന് സഹദ് കരുതിയതേയല്ല. അവന് അസുഖം ബാധിതനാകുമ്പോള്‍ മഅ്ദനി കര്‍ണാടകത്തിലെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

തന്റെ ചികിത്സയ്ക്ക് 25 ലക്ഷം രൂപ സ്വരൂപിക്കാന്‍ കാരണക്കാരനായ ഉസ്താദിനെ കാണണമെന്നമോഹം മാസങ്ങളായി മനസില്‍ സൂക്ഷിക്കുമ്പോഴാണ് മഅ്ദനി മാതാപിതാക്കളെ കാണാന്‍ അഞ്ചുദിവസത്തെ ജാമ്യത്തില്‍ എത്തുന്നത്. അന്‍വാര്‍ശ്ശേരിയില്‍ എത്തിയ അദ്ദേഹത്തെ എങ്ങനെയും കാണണമെന്ന് അവന്‍ വാപ്പയോട് നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ വീല്‍ചെയറില്‍ മകനെ പിതാവ് അന്‍വാര്‍ശ്ശേരിയില്‍ എത്തിക്കുകയായിരുന്നു.

ഇരുകൈകാലുകളും നഷ്ടപ്പെട്ട മകനെ വീല്‍ചെയര്‍ തള്ളി മഅ്ദനിക്കു മുന്നിലേക്ക് ആ പിതാവ് എത്തിച്ചു. ഈ ദൃശ്യം മഅ്ദനിയെ സന്ദര്‍ശിക്കാന്‍ എത്തിയവരില്‍പോലും ദുഃഖമുണ്ടാക്കി.

കുട്ടിയെക്കുറിച്ച് കേട്ടറിവ് മാത്രമേ മഅ്ദനിക്കുണ്ടായിരുന്നുള്ളൂ. വീല്‍ചെയറില്‍ നിര്‍വികാരനായി ഇരിക്കുന്ന കുട്ടിയെ കണ്ട് മഅ്ദനിയുടെ കണ്ണിലും നീര്‍ പൊടിഞ്ഞു. തന്റെ സമീപത്തെത്തിയെങ്കിലും തന്നെയൊന്നു തൊടാന്‍ പോലും അവനു കഴിയില്ലല്ലോയെന്ന ദുഃഖമായിരുന്നു അദ്ദേഹത്തിന്. മഅ്ദനി തൊട്ടുതലോടുമ്പോഴും രോഗവിവരം തിരക്കുമ്പോഴും അവന്‍ തന്റെ രക്ഷകനെ ഇമചിമ്മാതെ നോക്കുകയായിരുന്നു. അവനുവേണ്ടി മഅ്ദനി വിങ്ങിപ്പൊട്ടി പ്രാര്‍ഥിച്ചു.

കൊല്ലം അയത്തില്‍ കട്ടവിള ജുമാമസ്ജിദിന് സമീപം കിഴക്കുംകര സ്വദേശി മൗലവി ഫഖറുദ്ദീന്റെ മകനാണ് സഹദ്. കരുനാഗപള്ളി കോഴിക്കോട് പള്ളി ദര്‍സില്‍ പഠിക്കുമ്പോള്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനു തൊട്ടുമുമ്പാണ് അവന് രോഗം പിടിപെട്ടത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.