Latest News

ഹൈഡ്രജനില്‍ ഓടുന്ന കാര്‍ 'ടൊയോട്ട മിറായ്' അടുത്തവര്‍ഷം നിരത്തില്‍

കേള്‍ക്കുമ്പോള്‍ ഇതിലും വലിയ അദ്ഭുതം മറ്റൊന്നുണ്ടാവില്ല. ഉയരുന്ന പെട്രോള്‍ വിലയെക്കുറിച്ച് ആധി വേണ്ട. പുറത്തേക്കു പോകുന്ന പുക അന്തരീക്ഷ മലിനമാക്കുമെന്ന പേടി വേണ്ട... ഹൈഡ്രജന്‍ വാതകം നിറച്ച് ഓടുകയും വെള്ളം പുറത്തേക്കു വിടുകയും ചെയ്യുന്ന കാര്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ നിരത്തിലെത്തും. [www.malabarflash.com]

ലോകോത്തര കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയാണ് മിറായ് എന്ന പേരില്‍ ഹൈഡ്രജനില്‍ ഓടുന്ന കാര്‍ അടുത്ത വര്‍ഷം അവസാനത്തോടെ നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. ഭാവി എന്നര്‍ഥം വരുന്ന ജാപ്പനീസ് വാക്കാണ് മിറായ്. ആദ്യ ഘട്ടത്തില്‍ കലിഫോര്‍ണിയയില്‍ മൂന്നൂറു കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

പമ്പില്‍നിന്ന് പെട്രോള്‍ അടിക്കുന്നതുപോലെ ഹൈഡ്രജന്‍ നിറയ്ക്കാവുന്ന വിധമാണ് കാറിന്റെ സാങ്കേതികവിദ്യ തയാറാക്കിയിരിക്കുന്നത്. കാറിന്റെ എന്‍ജിനിലും അനുബന്ധ ഭാഗങ്ങളിലും വച്ച് ഓക്‌സിജനുമായി പ്രതിപ്രവര്‍ത്തിക്കുന്നതാണ് കാറിന്റെ സാങ്കേതികത്വം. പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഓക്‌സിജനില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചായിരിക്കും കാര്‍ ഓടുക. വെള്ളം മാത്രമായിരിക്കും ഈ രാസപ്രവര്‍ത്തനത്തിന്റെ ഉപോല്‍പന്നം. വെള്ളം നീരാവിയായിട്ടായിരിക്കും കാറിനു പുറത്തേക്കു വരികയെന്നതും ശ്രദ്ധേയമാണ്.

വൈദ്യുതിയിലാണ് ഓടുന്നതെന്നു കേട്ടു മുഖം ചുളിക്കേണ്ട. മറ്റു വൈദ്യുതി കാറുകളെപ്പോലെ നാല്‍പതു കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകാത്ത കാറല്ല മിറായ. സാധാരണ കാറിനെപ്പോലെ എത്ര വേണമെങ്കില്‍ വേഗം മിറായ്ക്കു കൈവരിക്കാനാവും. മണിക്കൂറില്‍ 111 മൈല്‍ സഞ്ചരിക്കാനാവുമെന്നാണ് ടെയോട്ടയുടെ അവകാശവാദം. 0.9 സെക്കന്‍ഡുകള്‍കൊണ്ട് കാറിന് 62 മൈല്‍ വേഗത്തിലെത്താനാകും.

അടുത്തവര്‍ഷം ടൊയോട്ടയാണ് കാര്‍ നിരത്തിലിറക്കുന്നതെങ്കില്‍ പിന്നാലെ ഇതേ സാങ്കേതികവിദ്യയുമായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ടയുംനിസാനും ഫോര്‍ഡുമൊക്കെ. ഹൈഡ്രജനില്‍ വാഹനങ്ങള്‍ ഓടുന്ന കാലം വരികയാണെങ്കില്‍ മലിനീകരണ രഹിതമായിരിക്കും നിരത്തുകള്‍ എന്നാണ് വിലയിരുത്തല്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആശങ്കകള്‍ നിരവധിയാണ്. വിലയാണ് പ്രധാനം. ആദ്യഘട്ടത്തില്‍ 63,104 പൗണ്ട് (62.08 ലക്ഷം ഇന്ത്യന്‍ രൂപ) വിലവരുമെന്നാണ് സൂചന. മറ്റൊന്ന് എവിടെനിന്ന് ഹൈഡ്രജന്‍ കാറില്‍ നിറയ്ക്കുമെന്ന കാര്യത്തിലാണ്. ലോകമെമ്പാടും പെട്രോള്‍ പമ്പുകളുള്ളതിനാല്‍ ഇപ്പോഴുള്ള ഏതുകാറുമായും എവിടെയും ധൈര്യസമേതം പോകാം. എന്നാല്‍ ഹൈഡ്രജന്‍ പമ്പുകള്‍ സര്‍വസാധാരണമല്ലാത്തതിനാല്‍ ഇതൊരു ബുദ്ധിമുട്ടാകും. യുകെയില്‍ ആകെ പന്ത്രണ്ടു ഹൈഡ്രജന്‍ പമ്പുകളാണുള്ളത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ യുകെയിലെ ഹൈഡ്രജന്‍ പമ്പുകളുടെ എണ്ണം അറുപത്തഞ്ചാകുമെന്നാണ് പ്രതീക്ഷ.

ഹൈഡ്രജന്‍ കാറുകള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ ജപ്പാന്‍, അമേരിക്കന്‍ സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 17000 യൂറോയുടെ സബ്‌സിഡിയാണ് ജപ്പാനില്‍ ഓരോ കാറിനും നല്‍കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 6000 ഹൈഡ്രജന്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ജപ്പാന്‍ സര്‍ക്കാരിന്റെ പദ്ധതി. കലിഫോര്‍ണിയയില്‍ 70 ഹൈഡ്രജന്‍ പമ്പുകള്‍ അടുത്തവര്‍ഷം കാറുകള്‍ പുറത്തിറക്കുന്ന മുറയ്ക്കു തുറക്കാനും പദ്ധതിയുണ്ട്. ഹൈഡ്രജന്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് 8000 യൂറോയുടെ സഹായം നല്‍കാനും അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Advertisement

Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.