Latest News

സര്‍വ്വകാല കളക്ഷന്‍ റെക്കോഡിലേക്ക് പ്രേമം, ദൃശ്യവും ബാംഗ്‌ളൂര്‍ ഡേയ്‌സും പിന്നിലാകും

പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല ടിക്കറ്റും കിട്ടാനില്ലെന്ന സോഷ്യല്‍ മീഡിയാ മൊഴിയെ ശരിവയ്ക്കുകയാണ് സിനിമയുടെ വിജയം. നിവിന്‍ പോളിയെ യുവനിരയിലെ ഏറ്റവും സ്വീകാര്യതയുള്ള താരമാക്കി മാറ്റിയതിനൊപ്പം കളക്ഷനിലും റെക്കോഡിടുകയാണ് പ്രേമം.[www.malabarflash.com]

കേരളത്തില്‍ എണ്‍പതും കേരളത്തിന് പുറത്ത് എണ്‍പത്തിയഞ്ചും തിയറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് മാത്രമായി രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി അമ്പത്തിയാറായിരം രൂപാ (2,35,56000) പ്രൊഡ്യൂസര്‍ക്ക് ലാഭമായി നേടിക്കൊടുത്തു. അനൗദ്യോഗികമായി ലഭിച്ച കണക്കുകളും തിയറ്ററുടമകള്‍ നല്‍കുന്ന കണക്കുകളും പ്രകാരമാണിത്.

ആദ്യ നാല് ദിവസത്തെ കളക്ഷനില്‍ ദൃശ്യം, ബാംഗ് ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളുടെ കളക്ഷന്‍ റെക്കോഡോണ് പ്രേമം തിരുത്തിയത്. അഞ്ചരക്കോടിക്ക് മുകളിലാണ് ഗ്രോസ്സ് കളക്ഷന്‍. മേയ് 29ന് റിലീസ് ചെയ്ത പ്രേമത്തിന്റെ കളക്ഷനില്‍ ജൂണ്‍ ഒന്നിന് തിങ്കളാഴ്ച സ്‌കൂള്‍ കോളേജ് പ്രവേശന ദിനമായിട്ടും ഇടിവ് വന്നില്ല.

മലയാളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഒന്നാമതുള്ള ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോഡ് തുടര്‍ ആഴ്ചകളില്‍ ചിത്രം തകര്‍ക്കാനാണ് സാധ്യതയെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗാണ് പ്രേമത്തിന് ലഭിച്ചത്. പല തിയറ്ററുകളിലും ശനിയാഴ്ച മുതല്‍ രാത്രി പന്ത്രണ്ട് മണിക്ക് അഡീഷണല്‍ ഷോ നടത്തുകയാണ്. ദൃശ്യത്തിനും ബാംഗ് ളൂര്‍ ഡേയ്‌സിനും ഇത്രയും മികച്ച ആദ്യദിന കളക്ഷന്‍ ഉണ്ടായിട്ടില്ലെന്ന് തിയറ്ററുടമകള്‍ പറയുന്നു.

ആദ്യ നാല് ദിവസത്തിനുള്ളില്‍ ദൃശ്യം മൂന്ന് കോടിയോളം ഗ്രോസ്സ് കളക്ഷനാണ് തിയറ്ററുകളില്‍നിന്ന് നേടിയത്. മൂന്നാം വാരത്തോടെയാണ് ദൃശ്യം വന്‍കളക്ഷനിലേക്ക് കടന്നത്. ബാംഗ് ളൂര്‍ ഡേയ്‌സ് ഏഴ് ദിവസത്തിനുള്ളില്‍ മൂന്നേകാല്‍ കോടിയാണ് ഷെയര്‍ ഇനത്തില്‍ സ്വന്തമാക്കിയതെങ്കില്‍ പ്രേമം ആ റെക്കോഡും പഴങ്കഥയാക്കും. അവധിക്കാലം അവസാനിച്ചതും സ്‌കൂള്‍ കോളേജ് തുറന്ന സാഹചര്യത്തിലും കളക്ഷനില്‍ ഇടിവുണ്ടായിട്ടില്ലെന്ന് തിയറ്ററുടമകള്‍.

പ്രേമം എന്ന സിനിമയുടെ ഇതിഹാസ വിജയത്തോടൊപ്പം നിവിന്‍ പോളി യുവതാര നിരയില്‍ ഏറ്റവും സ്വീകാര്യതയുള്ള താരമായി മാറി. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെക്കാള്‍ ബോക്‌സ് ഓഫീസ് ബ്‌ളോക്ക് ബസ്റ്ററുകളുള്ള താരമായിരിക്കുകയാണ് നിവിന്‍ പോളി. ഈ വര്‍ഷത്തെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ വിജയവും നിവിന്‍ പോളി സിനിമകളുടേതായി മാറിയിരിക്കുകയാണ്. എഴുപതാം ദിവസത്തിലേക്ക് പ്രദര്‍ശനം തുടരുന്ന ഒരു വടക്കന്‍ സെല്‍ഫിക്കൊപ്പമാണ് നിവിന്റെ തന്നെ പ്രേമം തിയറ്ററുകളില്‍ മത്സരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ എന്ന യുവസംവിധായകന്‍ മലയാളത്തിന്റെ വാണിജ്യസിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായും മാറിയിരിക്കുകയാണ്. മലയാളത്തിലെ ഹിറ്റ്‌മേക്കറായ അന്‍വര്‍ റഷീദിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് പ്രേമം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ആദ്യമായി നിര്‍മ്മിച്ചത്. രാജമാണിക്യം, ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നിങ്ങനെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോഡ് നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ അമരക്കാരനാവുകയാണ് വീണ്ടും അന്‍വര്‍.

മലയാളസിനിമയുടെ ഭാവി വാഗ്ദാനമായി അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും മാറിയെന്ന് ചിത്രം എന്ന മലയാളത്തിലെ ഏക്കാലത്തെയും മികച്ച വിജയചിത്രമൊരുക്കിയ പ്രിയദര്‍ശന്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച മികച്ച തിരക്കഥയും പ്രേമത്തിന്റേതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

Keywords: Premam, Nivin Pauli, Record Collection, Anwer Rasheed, Entertainment, fahad Fasil, Dulkar salman, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.