Latest News

മാഗി ന്യുഡില്‍സില്‍ മായം ഇല്ലെന്ന് കേരളം; റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും

തിരുവനന്തപുരം: [www.mlabarflash.com] മാഗി ന്യൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്ന് കേരളം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. മാഗി ന്യൂഡില്‍സിനെക്കുറിച്ചുള്ള പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

മാഗി ന്യുഡില്‍സിന്റെ അഞ്ച് സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഈയത്തിന്റെ അംശം അനുവദനീയമായതിലും കുറവായിരുന്നു. ഇതേത്തുടര്‍ന്ന്, ഭക്ഷ്യസുരക്ഷാവകുപ്പിന്റെ എറണാകുളത്തെ ലാബില്‍ പരിശോധിച്ചശേഷം സാമ്പിളുകള്‍ അക്രഡിറ്റേഷനുള്ള സ്വകാര്യ ലാബിലും പരിശോധിച്ചു. എന്നാല്‍, നൂഡില്‍സ് സാമ്പിളുകളില്‍ പ്രശ്‌നം ഉള്ളതായി കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേയും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

ഒരു ബാച്ചിലെ സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും ഒരു മാസം തുടര്‍ച്ചയായി സാമ്പിളുകള്‍ പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനുവദനീയമായതിലും കൂടുതല്‍ ഈയവും,അജിനാമോട്ടോയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാഗി ന്യൂഡില്‍സിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്. കേരളത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മാഗി ന്യൂഡില്‍സിന്റെ വില്‍പ്പന നിര്‍ത്തി വച്ചിരിക്കുകയാണ്.

Keywords: maggie, food safety department, central government, food safety and standades authority of india, Meeting, food safety commissioner, karala, civil supply department.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.