ഉദുമ: [www.malabarflash.com] മാങ്ങാടും പരിസരത്തും കലാപമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അക്രമികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സിപിഐ എം ഉദുമ ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് ബോധപൂര്‍വം അക്രമം നടത്തുകയായിരുന്നു. തടയാനെത്തിയ പൊലീസിനെപ്പോലും ഇവര്‍ ക്രൂരമായി ആക്രമിച്ചു. നാടിന്റെ സമാധാനം തകര്‍ക്കുന്ന നിലയില്‍ വര്‍ഗീയ പ്രചാരണം നടത്താന്‍പോലും ഈ സാമൂഹ്യവിരുദ്ധസംഘം തയ്യാറായത് ഗൗരവമായി കാണണം.
വഴിയേ പോയ സിപിഐ എം പ്രവര്‍ത്തകനെ പിടിച്ചുനിര്‍ത്തി കഞ്ചാവ് സിഗരറ്റ് പുക മുഖത്തേക്കൂതിയാണ് കുഴപ്പത്തിന് തുടക്കംകുറിച്ചത്. ഇവിടെയുള്ള പള്ളിയില്‍ ക്രിമിനല്‍ സംഘത്തെ ഒരുക്കിനിര്‍ത്തിയാണ് കുറച്ചാളുകള്‍ അക്രമത്തിനിറങ്ങിയത്. ഒച്ചകേട്ട് നാട്ടുകാര്‍ കൂടുന്നതുകണ്ട സംഘം നേരെ പോയത് പള്ളിക്കുള്ളിലേക്കാണ്. ഇവരും നേരത്തെ ഇവിടെ തമ്പടിച്ചവരും ചേര്‍ന്ന് പുറത്തു കൂടിനിന്നവര്‍ക്കുനേരെ കല്ലെറിഞ്ഞാണ് അക്രമം വ്യാപിപ്പിച്ചത്. ഒരാള്‍പോലും പള്ളിയുടെ ഭാഗത്തേക്ക് കല്ലെറിഞ്ഞിട്ടില്ല. അക്രമമെല്ലാം ഉള്ളില്‍നിന്നാണെന്ന് ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും.
നാടിന്റെ സൈ്വരജീവിതം തകര്‍ത്ത് സിപിഐ എം ശക്തികേന്ദ്രത്തില്‍ കുഴപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ഇതിനായി സ്ഥിരം ക്രിമിനലുകളെയും ചില തീവ്രവാദികളെയും കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം വലിയ വഞ്ചനയാണ് സമൂഹത്തോട് ചെയ്യുന്നത്. മുഴുവന്‍ അക്രമികളെയും പിടികൂടാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.



No comments:
Post a Comment