Latest News

ജ്വല്ലറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരൂര്‍: [www.malabarflash.com] മകളുടെ വിവാഹത്തിന് സ്വര്‍ണം കടം നല്‍കിയ ജ്വല്ലറിയില്‍ ആത്മഹത്യാശ്രമിച്ച പിതാവ് മരിച്ചു. നിറമരുതൂര്‍ കാളാട് പാട്ടശേരി വീട്ടില്‍ ഇസ്മയിലാണ് (50) മരണത്തിന് കീഴടങ്ങിയത്. താഴെപ്പാലത്തെ ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷനല്‍ ജ്വല്ളേഴ്സില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റയുടന്‍ ഇസ്മയിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തീ കൊളുത്തുന്നത് തടയാന്‍ ശ്രമിച്ച ജ്വല്ലറി ജീവനക്കാരനും പരിക്കേറ്റിരുന്നു. ജ്വല്ലറി ജീവനക്കാരന്‍ പ്രജീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ഫെബ്രുവരിയില്‍ മകളുടെ വിവാഹത്തിനായി സ്വര്‍ണം വാങ്ങിയ വകയില്‍ 3.63 ലക്ഷം ഇസ്മയില്‍ ജ്വല്ലറിയില്‍ നല്‍കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജ്വല്ലറിയിലത്തെിയ ഇസ്മയില്‍ മാനേജര്‍ കെ.എം ആനന്ദുമായി സംസാരിക്കുകയും അവശേഷിക്കുന്ന തുക ഉടന്‍ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. തിരിച്ചുപോകാനൊരുങ്ങിയ ഇയാള്‍ കൈയില്‍ പൊതിഞ്ഞ് സൂക്ഷിച്ച കുപ്പിയിലെ പെട്രോള്‍ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

പെട്രോള്‍ ഒഴിക്കുന്നത് കണ്ട് എത്തിയ പ്രജീഷ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. അപ്പോഴേക്കും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയിരുന്നു. പിടിച്ചു മാറ്റുന്നതിനിടെ വസ്ത്രങ്ങളില്‍ പെട്രോള്‍ പടര്‍ന്ന പ്രജീഷിന്‍െറ ദേഹത്തും തീ പിടിക്കുകയായിരുന്നു. കൈകാലുകള്‍ക്കാണ് പ്രജീഷിന് പൊള്ളലേറ്റത്. ഷോറൂമിലെ ഫയര്‍ എക്സ്റ്റിന്‍ക്വിഷര്‍ ഉപയോഗിച്ച് ജ്വല്ലറി ജീവനക്കാരാണ് തീയണച്ചത്. പണം ലഭിക്കാനുള്ളവരുടെ വീടുകളില്‍ ഫീല്‍ഡ് സ്റ്റാഫിനെ അയച്ച കൂട്ടത്തില്‍ ഇസ്മയിലിന്‍െറ വീട്ടിലും പോയിരുന്നതായി ജ്വല്ലറി മാനേജര്‍ മൊഴി നല്‍കിയതായി എസ്.ഐ പറഞ്ഞു.

എന്നാല്‍ കുടിശിക ലഭിക്കാന്‍ നിരവധി തവണ ഇസ്മയിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ലെന്നും ആളെ വിട്ടോ ഫോണിലൂടെയോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രകോപനമില്ലാതെയായിരുന്നു ആത്മഹത്യാശ്രമമെന്നും ഷോറൂം മാനേജര്‍ കെ.എം ആനന്ദ് അറിയിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.