Latest News

14 വര്‍ഷം ശീതീകരിച്ചു സൂക്ഷിച്ച അണ്ഡാശയകോശം ഉപയോഗിച്ച് യുവതി അമ്മയായി

ബെല്‍ജിയം: [www.malabarflash.com] ആര്‍ത്തവാരംഭത്തിനു മുന്‍പേ ഗര്‍ഭപാത്രത്തില്‍നിന്നു നീക്കംചെയ്തു ശീതീകരിച്ചു സൂക്ഷിച്ച അണ്ഡാശയകോശം പതിനാലു വര്‍ഷത്തിനുശേഷം വീണ്ടും വച്ചുപിടിപ്പിച്ച് ബെല്‍ജിയം യുവതി അമ്മയായി. 27ാം വയസ്സില്‍, കഴിഞ്ഞ നവംബറിലാണ് യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

അഞ്ചാം വയസ്സില്‍ അരിവാള്‍ രോഗം ബാധിച്ച് ഇവര്‍ മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സയ്ക്കു വിധേയയായിരുന്നു. മജ്ജ മാറ്റിവയ്ക്കലും മുന്നോടിയായുള്ള കീമോതെറപ്പിയും പെണ്‍കുട്ടിയുടെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്നു മുന്‍കൂട്ടി കണ്ട് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ പതിമൂന്നാം വയസ്സിലാണ് വലത്തേ അണ്ഡാശയം നീക്കി കോശ ശകലങ്ങള്‍ ശീതീകരിച്ചത്.

ആര്‍ത്തവത്തിനുശേഷം സ്ത്രീകളില്‍ അണ്ഡാശയ കോശ ശീതീകരണവും ഗര്‍ഭധാരണവും അത്ര അപൂര്‍വല്ല. എന്നാല്‍ ആര്‍ത്തവമെത്തും മുന്‍പേയുള്ള അണ്ഡാശയ കോശങ്ങളുപയോഗിച്ച് ഗര്‍ഭധാരണവും പ്രസവവും ഇതാദ്യമെന്നാണ് ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ജേണലില്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

അണ്ഡാശയകോശം ശീതീകരിക്കുമ്പോള്‍, ആര്‍ത്തവമാരംഭിച്ചിരുന്നില്ലെങ്കിലും പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിന്റെ ആരംഭമായുള്ള മറ്റു ശാരീരിക ലക്ഷണങ്ങളുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ഭയന്നതുപോലെ, കീമോതെറപ്പിക്കും മജ്ജ മാറ്റിവയ്ക്കലിനും വീര്യമേറിയ മരുന്നുകള്‍ക്കും ശേഷം പതിനഞ്ചാം വയസ്സില്‍ പെണ്‍കുട്ടിയുടെ അവശേഷിച്ച അണ്ഡാശയം പൂര്‍ണമായും തകരാറിലായി.

കോംഗോയില്‍ ജനിച്ച യുവതി 11ാം വയസ്സിലാണ് ബെല്‍ജിയത്തിലേക്കു കുടിയേറിയത്. ബെല്‍ജിയം ഇറാസ്‌മേ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഇസബെല്‍ ഡെമീസ്‌റ്റേറാണ് അണ്ഡാശയകോശം മാറ്റിവച്ചുള്ള ചികില്‍സയ്ക്കു നേതൃത്വം നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.