Latest News

കാസര്‍കോട് സോളാര്‍ പദ്ധതിക്ക് 1000 ഏക്കര്‍ വിട്ടുനല്‍കാന്‍ ധാരണ

കാസര്‍കോട്: [www.malabarflash.com] സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമായി സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (സെക്കി) ജില്ലയില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് റവന്യൂ സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 1000 ഏക്കര്‍ തരിശ് ഭൂമി ഇതിലേക്കായി വിട്ടുനല്‍കാന്‍ തീരുമാനിച്ചു.

കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ധാരണാപത്രം ഒപ്പുവച്ചു. താപവൈദ്യുത നിലയം യാഥാര്‍ഥ്യമാവുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ഇ.ബി. ഇവിടെനിന്ന് വൈദ്യുതി വിതരണം ചെയ്യും.

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ, മീഞ്ച പഞ്ചായത്തുകളില്‍പ്പെട്ട ബായാറില്‍ 250 ഏക്കര്‍ സ്ഥലവും കിനാനൂര്‍-കരിന്തളത്ത് 500 ഏക്കറും അമ്പലത്തറ വില്ലേജിലെ തെക്കോട്ട് 250 ഏക്കര്‍ സ്ഥലവുമാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിക്കുന്നത്. 

ഇതില്‍ കിനാനൂര്‍-കരിന്തളത്തെ 80 ഏക്കര്‍ സ്ഥലത്ത് എച്ച്.ടി. വൈദ്യുതി ലൈന്‍ കടന്നുപോവുന്നതിനാല്‍ ഈ സ്ഥലം ഒഴിവാക്കി 500 ഏക്കര്‍ ഒറ്റ പ്ലോട്ടായി നല്‍കാന്‍ യോഗം തീരുമാനിച്ചു. പൈവളിഗെ പഞ്ചായത്തില്‍ പദ്ധതിക്ക് അനുവദിച്ച സ്ഥലത്ത് 29 ഏക്കര്‍ വിമുക്തഭടന്മാര്‍ക്കും മറ്റും നീക്കിവച്ചതായി സര്‍വേയില്‍ കണെ്ടത്തിയിട്ടുണ്ട്. ഇവിടെയും ഒറ്റ പ്ലോട്ടില്‍ 250 ഏക്കര്‍ സ്ഥലം നല്‍കാന്‍ യോഗം തീരുമാനിച്ചു. 

1360 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എസ് ഡി പ്രിന്‍സ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ 20 ശതമാനം സബ്‌സിഡിയോടുകൂടിയാണ് പാരമ്പര്യേതര ഊര്‍ജമന്ത്രാലയം പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. 

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജം സംസ്ഥാന വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി അതോറിറ്റി നിശ്ചയിക്കുന്ന നിരക്കില്‍ 25 വര്‍ഷം കെ.എസ്.ഇ.ബി. വാങ്ങും. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് ആവശ്യം. ഇതനുസരിച്ച് ആയിരം ഏക്കറില്‍ 200 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പദ്ധതി പൂര്‍ത്തിയാവുന്നതോടെ പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ കിന്‍ഫ്രയ്ക്കുവേണ്ടി അനുവദിച്ച സ്ഥലമാണ് സൗരോര്‍ജ പദ്ധതിക്കായി കൈമാറുന്നത്.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.