Latest News

എനര്‍ജി ഡ്രിങ്കില്‍ ഒളിഞ്ഞിരിക്കുന്നത്‌ അപകടത്തിന്റെ ഊര്‍ജം

കോഴിക്കോട്: [www.malabarflash.com] ഉന്മേഷത്തിനും ഉണര്‍വിനും പെട്ടെന്നുള്ള പോംവഴിയായി കഴിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ പ്രദാനം ചെയ്യുന്നത്‌ അപകടത്തിന്റെ ഊര്‍ജം. യുവാക്കളുടെയിടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പല എനര്‍ജി ഡ്രിങ്കുകളിലും അടങ്ങിയിരിക്കുന്നത്‌ അനുവദനീയമായതിലും കൂടിയ അളവിലുള്ള രാസവസ്‌തുക്കളും കൃത്രിമ മധുരവും.

പായ്‌ക്കറ്റിനു പുറത്ത്‌ ഒരളവും ഉള്ളില്‍ വേറൊരളവും രേഖപ്പെടുത്തിയാണ്‌ ഇവയുടെ വില്‍പ്പന. ഓണ്‍ലൈന്‍ മുഖേനയും ഇവ ലഭിക്കുമെന്നതിനാല്‍ ഇവയുടെ ഉപയോഗം വ്യാപകമാണ്‌. ചില പ്രമുഖ കമ്പനികളുടെ എനര്‍ജി ഡ്രിങ്കിന്റെ കുപ്പിക്കു മുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തു ഏതെന്നല്ലാതെ അളവ്‌ രേഖപ്പെടുത്താറില്ല.

ഔഷധങ്ങളുടെ അംശങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവയാണ്‌ ഇത്തരം എനര്‍ജി ഡ്രിങ്ക്‌സിലെ പ്രധാന ചേരുവകള്‍. എന്നാല്‍, ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ്‌ പ്രധാന വില്ലന്‍. കഫീന്‍ ശരീരത്തിന്‌ ഉന്മേഷം പകരുമെങ്കിലും അളവു കൂടുകയും പതിവാകുകയും ചെയ്‌താല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ഡോക്‌ടര്‍മാര്‍ പറയുന്നു. 

അള്‍സര്‍, ഉറക്കമില്ലായ്‌മ, സ്വപ്‌നാടനം എന്നിവയ്‌ക്കൊപ്പം അമിതമായ ഉത്‌കണ്‌ഠയ്‌ക്കും കാരണമാകും. ഇത്തരം പാനീയങ്ങളിലെ പല ഘടകങ്ങളും അസിഡിറ്റി വര്‍ധിപ്പിക്കുന്നതായതിനാല്‍ എരിച്ചില്‍ ജീവിതത്തിന്റ ഭാഗമായി മാറും.
എനര്‍ജി ഡ്രിങ്ക്‌സില്‍ അടങ്ങിയിരിക്കുന്ന ഉത്തേജകങ്ങള്‍ ഹൃദയമിടിപ്പു വര്‍ധിപ്പിക്കുന്നവയാണ്‌. സ്‌ഥിരമായ ഉപയോഗം അപസ്‌മാരത്തിനും കാരണമാകും. 

50 മുതല്‍ 3000 രൂപയ്‌ക്കു വരെ ലഭിക്കുന്ന ഇത്തരം ഉത്തേജക പാനീയങ്ങള്‍ പ്രത്യുത്‌പാദന വ്യവസ്‌ഥയെയും തകരാറിലാക്കുന്നവയാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. ഭൂരിഭാഗം ഉത്തേജക പാനീയങ്ങളിലും മധുരം അനുവദനീയമായതിലും കൂടുതലാണ്‌. ഇതു പൊണ്ണത്തടിക്കു കാരണമാകും.
പല ഉത്തേജക പാനീയങ്ങളും തുടര്‍ച്ചയായി ഉപയോഗിക്കുന്നത്‌ ഇവയുടെ അടിമയാകുന്നതിനു കാരണമാകും.

ആദ്യഘട്ടത്തില്‍ ശാരീരികമായും മാനസികമായും ഉണര്‍വു പകരുന്ന ഈ പാനീയങ്ങള്‍ ഉപയോഗിക്കുന്നവരെ മെല്ലെ അടിമകളാക്കി മാറ്റും. ഇത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മാനസികാരോഗത്തിനുവരെ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഉപയോഗിക്കുന്നവയാണ്‌.

യുവാക്കള്‍ ഉള്‍പ്പെടെ പലരും ഉത്തേജക പാനീയങ്ങള്‍ മദ്യത്തിനൊപ്പം ചേര്‍ത്തു കഴിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു വിദഗ്‌ധര്‍ പറയുന്നു. മദ്യത്തിന്റെയും പാനീയങ്ങളുടെയും പാര്‍ശ്വഫലങ്ങള്‍ ഒരുപോലെ അനുഭവിക്കേണ്ടി വരും.

എനര്‍ജി ഡ്രിങ്കുകളുടെ പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ആരംഭിച്ചിട്ടുണ്ട്‌. കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എനര്‍ജി ഡ്രിങ്ക്‌സിന്റെ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം അയച്ചിട്ടുണ്ട്‌.

ആരോഗ്യകരമായ ഭക്ഷണ രീതിയും കൃത്യമായ വ്യായാമവും ഉറക്കവുമുണ്ടായാല്‍ ഈ ഉത്തേജക പാനീയങ്ങളുടെയൊന്നും ആവശ്യമില്ലെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.