Latest News

ഫെയ്‌സ്ബുക്കിന്റെ പേരില്‍ മലയാളികളില്‍ നിന്നും 40 കോടി തട്ടി

കൊച്ചി: [www.malabarflash.com] മലയാളികളെ കബളിപ്പിക്കാന്‍ ലക്ഷ്യമിടുന്ന തട്ടിപ്പുകള്‍ സ്വദേശത്തും വിദേശത്തും തുടരുന്നു. സമൂഹമാധ്യമമായ 'ഫെയ്‌സ്ബുക്കി'ന്റെ തൊഴില്‍ദാന പദ്ധതിയെന്നു തെറ്റിദ്ധരിപ്പിച്ചു നടത്തിയ സൈബര്‍ തട്ടിപ്പില്‍ കുടുങ്ങിയ പ്രവാസികള്‍ അടക്കം ഒന്നരലക്ഷത്തോളം മലയാളികള്‍ക്കു 40 കോടി രൂപ നഷ്ടമായി. ഒരോരുത്തര്‍ക്കും നഷ്ടപ്പെട്ടത് 2700 രൂപ.

വീട്ടിലിരുന്നു ജോലിചെയ്തു ദിവസം 6530 മുതല്‍ 15792 രൂപവരെ സമ്പാദിക്കാമെന്ന വാഗ്ദാനത്തിലാണ് എല്ലാവരും കുടുങ്ങിയത്. ഫെയ്‌സ്ബുക്കിന്റെ ലോഗോയും നീലനിറത്തിലുള്ള കളര്‍സ്‌കീമും കണ്ടാണു ഫെയ്‌സ്ബുക്ക് നേരിട്ടു നടപ്പാക്കുന്ന തൊഴില്‍ദാന പദ്ധതിയെന്ന് എല്ലാവരും തെറ്റിദ്ധരിച്ചത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ചിത്രവും ഇന്ത്യയിലെ ഇംഗ്ലിഷ് ദിനപത്രങ്ങളുടെ ലോഗോയും പദ്ധതിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ദുരുപയോഗിച്ചിട്ടുണ്ട്.

തട്ടിപ്പിന് ഇരയായവര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലൂടെ നടത്തിയ ആശയവിനിമയത്തിലാണ് ഒന്നരലക്ഷത്തോളം മലയാളികള്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമാവുന്നത്. ഫെയ്‌സ്ബുക്ക് കമ്പനിക്കും ഇവര്‍ വിവരം കൈമാറിയിട്ടുണ്ട്. പദ്ധതിയില്‍ അംഗമാവാനുള്ള 'ഫെയ്‌സ്ബുക്ക് മില്യനയര്‍ കിറ്റ്' കുറിയറില്‍ ലഭിക്കാനായി ക്രെഡിറ്റ് കാര്‍ഡ് വഴി തട്ടിപ്പുകാരുടെ അമേരിക്കന്‍ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറിയ 2700 രൂപയാണ് എല്ലാവര്‍ക്കും നഷ്ടപ്പെട്ടത്. ഇവര്‍ക്കു കൈമാറിയ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

'ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാകുന്നു' എന്നായിരുന്നു തട്ടിപ്പുകാരുടെ പരസ്യം തന്നെ.

വെബ്‌പേജ് തുറന്നാല്‍ കൂടുതലൊന്നും ആലോചിക്കാതെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കാനായി ഓരോ ഇടപാടിനും അഞ്ചു മിനിറ്റ് വീതമുള്ള കൗണ്ട്ഡൗണ്‍ സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. അഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ വെബ്‌പേജ് തനിയെ അപ്രത്യക്ഷമാവും. അതിനു മുന്‍പു പണം കൈമാറിയാല്‍ 2700 രൂപ വിലമതിക്കുന്ന ഫെയ്‌സ്ബുക്ക് മില്യനയര്‍ കിറ്റ് വീട്ടുവിലാസത്തിലെത്തും. പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഫെയ്‌സ്ബുക്ക് പേജുകള്‍ ബോധപൂര്‍വം ഉപയോഗിക്കാതെ ഇരകളുടെ മൊബൈല്‍ നമ്പറിലേക്കും ഇമെയിലിലേക്കുമാണ് ഈ വെബ്‌പേജിന്റെ ലിങ്കുകള്‍ തട്ടിപ്പുകാര്‍ അയയ്ക്കുന്നത്.

നാലുമാസങ്ങള്‍ക്കു മുന്‍പാണു തട്ടിപ്പിന്റെ തുടക്കം. പണം നല്‍കിയ എല്ലാവരും കിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പു തുടരുകയാണ്. കബളിപ്പിക്കപ്പെട്ടതായി ഇതിനകം മനസ്സിലാക്കിയവര്‍ നഷ്ടപ്പെട്ടതു ചെറിയ തുകയാണല്ലോ എന്ന ആശ്വാസത്തില്‍ പൊലീസില്‍ പരാതി പറയാന്‍പോലും തയാറായിട്ടില്ല. കുറഞ്ഞ തുക വാങ്ങി കൂടുതല്‍ പേരെ കബളിപ്പിച്ചു പരാതി ഒഴിവാക്കുകയെന്ന തന്ത്രമാണു തട്ടിപ്പുസംഘം പയറ്റുന്നത്.
(കടപ്പാട്: മനോരമ)



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.