Latest News

ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര യാത്രാകപ്പല്‍ 'ക്വാണ്ടം ഓഫ് ദി സീ' മസ്‌കത്തില്‍

മസ്‌കത്ത്: [www.malabarflash.com] ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഡംബര യാത്രാകപ്പലായ 'ക്വാണ്ടം ഓഫ് ദി സീ' മത്രയിലത്തെി. 4900 യാത്രക്കാരും 1900 ജീവനക്കാരുമായി ന്യൂയോര്‍ക്കില്‍നിന്ന് ചൈനയിലേക്കുള്ള 53 ദിവസത്തെ ലോകപര്യടനത്തിനിടെയാണ് കപ്പല്‍ മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തത്തെിയത്. വില്‍സ്മാന്‍ ഷിപ്പിങ് സര്‍വീസ് കമ്പനിയും ഒമാന്‍ വിനോദസഞ്ചാര വകുപ്പും ചേര്‍ന്നാണ് കപ്പല്‍ മസ്‌കത്തിലത്തെിച്ചത്. കപ്പല്‍ ഇതാദ്യമായാണ് ഒമാനില്‍ എത്തുന്നത്.

ആഡംബരത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന കപ്പലില്‍ 16 ഡെക്കുകളാണുള്ളത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലിന്റെ ഉടമസ്ഥതയിലുള്ള ആദ്യ സ്മാര്‍ട്ട്ഷിപ് 'ക്വാണ്ടം ഓഫ് ദി സീ'ക്ക് 1141 അടി നീളവും 136 അടി വീതിയുമുണ്ട്. വിസ്മയങ്ങള്‍ നിറഞ്ഞ കപ്പലിന്റെ ഏറ്റവും വലിയ ആകര്‍ഷണം 300 അടി ഉയരത്തില്‍നിന്ന് കടല്‍കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന നോര്‍ത് സ്റ്റാര്‍ ആണ്. 135 അടി നീളമുള്ള ക്രെയിനിന്റെ അറ്റത്ത് ഘടിപ്പിച്ച ഗ്‌ളാസ് കൂടില്‍ 14 പേര്‍ക്ക് നില്‍ക്കാം. 360 ഡിഗ്രി ചുറ്റളവിലുള്ള കാഴ്ചകളാണ് നോര്‍ത് സ്റ്റാര്‍ ഒരുക്കുക.

ബയോണിക് ബാര്‍ ആണ് മറ്റൊരു വിശേഷം. ഇവിടെ യന്ത്രക്കൈകളാണ് പാനീയം യാത്രക്കാര്‍ക്ക് തയാറാക്കി നല്‍കുന്നത്. ആകാശച്ചാട്ടത്തിന്റെ അനുഭവം നല്‍കുന്ന സ്‌കൈ ഡൈവിങ് സിമുലേറ്റര്‍ നല്‍കുക വിസ്മയാനുഭവമായിരിക്കും. ലോകത്തില്‍ സ്‌കൈ ഡൈവിങ് സിമുലേറ്റര്‍ ഘടിപ്പിച്ച ഏക കപ്പലാണിത്. 

ഭക്ഷണ പ്രിയര്‍ക്കായി 18 റസ്റ്റാറന്റുകളാണ് ഇതിലുള്ളത്. ആര്‍.എഫ്.ഐ.ഡി ബാന്‍ഡുകള്‍ ഉപയോഗിച്ചാണ് ഭക്ഷണപാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും റൂമുകള്‍ തുറക്കുന്നതുമെല്ലാം. കളിക്കാനും കുളിക്കാനും വിനോദത്തിനുമായി മറ്റ് നിരവധി സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

2014 ആഗസ്റ്റിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. ഞായറാഴ്ച വൈകുന്നേരത്തോടെ കപ്പല്‍ മസ്‌കത്തില്‍നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചു. 60ഓളം രാഷ്ട്രങ്ങളില്‍നിന്നുള്ള സഞ്ചാരികളില്‍ നല്ലൊരു ശതമാനവും വേനല്‍ചൂടിനെ പേടിച്ച് കപ്പലില്‍തന്നെ കഴിച്ചുകൂട്ടി. സമശീതോഷ്ണ രാഷ്ട്രങ്ങളില്‍നിന്നുള്ളവരാണ് നാടുകാണാനിറങ്ങിയത്. വമ്പന്‍ കച്ചവടം പ്രതീക്ഷിച്ച യാത്രക്കാര്‍ നിരാശരായെങ്കിലും മത്രയില്‍ ചുറ്റിക്കറങ്ങിയവര്‍ ഒമാന്റെ പൈതൃക അടയാളങ്ങള്‍ അടങ്ങിയ സാധനങ്ങള്‍ സ്വന്തമാക്കിയാണ് മടങ്ങിയത്. 

കടുത്ത തണുപ്പ് രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ സണ്‍ബ്‌ളാക് ക്രീമും ലേപനങ്ങളും വാങ്ങാന്‍ കടകളില്‍ കയറിയിറങ്ങുന്നത് കാണാമായിരുന്നു. ഇത്രയും കനത്ത ചൂട് പ്രതീക്ഷിച്ചില്ലെന്നാണ്‌ സ്‌കോട്‌ലന്‍ഡില്‍നിന്നുള്ള ദമ്പതിമാര്‍ പറഞ്ഞത്. 

കൊച്ചിയില്‍ ഇറങ്ങിയശേഷം മുംബൈവഴി നാട്ടിലേക്ക് തിരിക്കും. മൂന്നാഴ്ചത്തെ യാത്രക്കുള്ള ചെലവ് ഒരാള്‍ക്ക് രണ്ടായിരം ഡോളറാണെന്നും ഇവര്‍ പറഞ്ഞു. മലയാളികളോട് കൊച്ചിയെക്കുറിച്ചും അവിടത്തെ കാലാവസ്ഥയെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കുന്നവരെയും കാണാമായിരുന്നു.
Advertisement

Keyword: Maskat, Quantom of the sea, newyork, sulthan Quaboos, Willsman shipping service, Oman, Royal careebian, North star, bionic bar, Sky driving stimulator.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.