Latest News

രാഷ്ട്ര പുരോഗതിയില്‍ മുസ്‌ലിംലീഗിന്റെ സംഭാവനകള്‍ മഹത്തരം: ഹൈദരലി തങ്ങള്‍

മലപ്പുറം: [www.malabarflash.com]രാഷ്ട്രപുരോഗതിക്ക് തുല്യതയില്ലാത്ത സദ്‌സംഭാവനകളര്‍പ്പിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ് എന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യപുരോഗതിയുടെയും മതമൈത്രിയുടെയും ചരിത്രത്തില്‍ നിന്നു മുസ്‌ലിംലീഗിനെ മാറ്റി നിര്‍ത്താനാവില്ല, പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ എംസി വടകര രചിച്ച് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച മുസ്‌ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങി. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണ ഘടന അനുശാസിക്കുന്ന അവകാശ സംരക്ഷണത്തിന് ധീരമായി നിലകൊള്ളുകയും സമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. 1948 മുതലുള്ള പാര്‍ട്ടിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ വലിയൊരു സാമൂഹ്യവിപ്ലവം സൃഷ്ടിക്കാന്‍ മുസ്‌ലിംലീഗിനു സാധിച്ചതായി കാണാം.

ഭൂതകാല വര്‍ത്തമാനങ്ങളെ ഭാവിയിലേക്ക് അടയാളപ്പെടുത്തുന്നതാണ് ചരിത്രം, അതാത് കാലത്തെ സംസ്‌കാരത്തെയും ചരിത്രം പ്രത്യക്ഷപ്പെടുത്തുന്നു. ഉത്ഥാന പതനങ്ങളെ ശ്രവിക്കാന്‍ ചരിത്രത്തെ സമീപിക്കണം. ഭരണതലത്തില്‍ പോലും ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടമാണിത്. മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തിളക്കമാര്‍ന്ന രചനയാണ് എംസി വടകര നിര്‍വഹിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ ചരിത്രം തേടുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഗ്രന്ഥമാണിത്. മുസ്‌ലിംലീഗിന്റെ ചരിത്രം പ്രദാനം ചെയ്യുന്നതിനാണ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണ രംഗത്തേക്ക് ചുവടു വെച്ചത്. ഏറെ ത്യാഗങ്ങള്‍ സഹിച്ച് രചിച്ച പുസ്തകം ഭാവിതലമുറക്ക് മുതല്‍ക്കൂട്ടാകും. മുസ്‌ലിംലീഗിന്റെ ചരിത്രം വളരുന്ന തലമുറ അറിഞ്ഞിരിക്കണമന്നും തങ്ങള്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗ് നടത്തിയ ധീരമായ ചുവടുവെപ്പുകള്‍ രേഖപ്പെടുത്തിയ പുസ്തകമാണിത്. മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ് എംപിയുടെ സന്ദേശം കെപിഎ മജീദ് വായിച്ചു. എംസി വടകരക്കുള്ള പുരസ്‌കാര സമര്‍പ്പണം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എംഐ തങ്ങള്‍ പുസ്തകം പരിചയപ്പെടുത്തി. ഇടി മുഹമ്മദ് ബഷീര്‍ എംപി, എംസി വടകര പ്രസംഗിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സ്വാഗതവും ട്രഷറര്‍ പികെകെ ബാവ നന്ദിയും പറഞ്ഞു. മലപ്പുറം ഡിടിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികള്‍, പോഷകഘടകം ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.