Latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവയ്പ്; സിഐഎസ്എഫ് ജവാന്‍ മരിച്ചു

കോഴിക്കോട്: [www.malabarflash.com] കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഗ്‌നിരക്ഷാസേനാ ജീവനക്കാരും സുരക്ഷയുടെ ചുമതലയുള്ള കേന്ദ്ര വ്യവസായസുരക്ഷാസേനയും (സി.ഐ. എസ്.എഫ്) തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജവാന്‍ വെടിയേറ്റ് മരിച്ചു. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. സി.ഐ.എസ്.എഫ്. ഹെഡ്‌കോണ്‍സ്റ്റബിള്‍ എസ്.എസ്. യാദവ് (38) ആണ് മരിച്ചത്. സംഭവത്തേത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

ബുധനാഴ്ച രാത്രി 9.30 മണിയോടെ വി.ഐ.പി ഗേറ്റിലാണ് സംഭവം. ജീവനക്കാരെ പരിശോധിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി കരിപ്പൂരിലെത്തിയിട്ടുണ്ട്. റണ്‍വേയില്‍ അഗ്നിശമന വാഹനങ്ങള്‍ നിരത്തിയിട്ട് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പ്രതിഷേധിച്ചു.


എയര്‍ട്രാഫിക് കണ്‍ട്രോളിനു സമീപമുള്ള ഗെയ്റ്റിലൂടെ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചിടത്തുനിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ തിരിച്ചറിയല്‍കാര്‍ഡ് ആവശ്യപ്പെട്ട വ്യവസായ സുരക്ഷാസേനാജവാന്മാരും അഗ്‌നിരക്ഷാസേന ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സി.ഐ.എസ്.എഫുകാര്‍ അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ സജിതോമസ് (38), അജികുമാര്‍ (36) എന്നിവരെ തടഞ്ഞുവെച്ചു. സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനാ ജീവനക്കാര്‍ സംഘടിച്ചെത്തി സി.ഐ.എസ്.എഫ് ജവാന്മാരെ ചോദ്യംചെയ്തു.


ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ജവാന്‍ അഗ്‌നിരക്ഷാസേനാജീവനക്കാരെ പിന്തിരിപ്പിക്കാനായി തോക്കുപുറത്തെടുത്തു. തോക്കുപിടിച്ചുവാങ്ങാന്‍ അഗ്‌നിരക്ഷാസേനാജീവനക്കാരും ശ്രമിച്ചു. ഇതിനിടയില്‍ ജവാനെ പിന്തിരിപ്പിക്കാനും പ്രശ്‌നം തണുപ്പിക്കാനും ശ്രമിക്കുകയായിരുന്നു വെടിയേറ്റുമരിച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ യാദവ്.

ഇരുവിഭാഗങ്ങളും തമ്മിലുള്ള പിടിവലിക്കിടയിലാണ് തോക്കുപൊട്ടി യാദവിന് വെടിയേറ്റത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലേക്കുമാറ്റി.

സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളവും പരിസരവും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് രണ്ടുതവണ ലാത്തിവീശി. രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.


സീനിയര്‍ ഫയര്‍മാന്‍ സജി തോമസി(36)നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ സി.ഐ.എസ്.എഫ്. എസ്.ഐ. രാജസ്ഥാന്‍ സ്വദേശി സീതാറാം ചൗധരി (33), അജികുമാര്‍ (42) എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലും അഗ്‌നിരക്ഷാസേനാ സീനിയര്‍ സൂപ്രണ്ട് സണ്ണി തോമസി(57)നെ കോഴിക്കോട് മിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
UPDATE

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.