കാസര്‍കോട്: [www.malabarflash.com] കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് അധിക വൈദ്യുതി ഉള്‍പ്പെടെ ലഭിക്കാന്‍ നിര്‍മിക്കുന്ന തവിടുഗോളി-മൈലാട്ടി 110 കെ.വി. ലൈനിന്റെ ആദ്യഘട്ട ടെന്‍ഡര്‍ പൂര്‍ത്തിയായി. വിദ്യാനഗര്‍മുതല്‍ സീതാംഗോളിവരെയുള്ള എട്ട് കിലോമീറ്റര്‍ ലൈനാണ് ടെന്‍ഡര്‍ വിളിച്ചത്.
80 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. രണ്ട് ടെന്‍ഡറുകളാണ് ലഭിച്ചത്. ഇത് എസ്റ്റിമേറ്റ് നിരക്കിന് മുകളിലായതിനാല്‍ ബോര്‍ഡിന്റെ അംഗീകാരത്തിനയച്ചു. മൂന്നുതവണ വിളിച്ചിട്ടും ആദ്യഘട്ട പ്രവൃത്തി ഏറ്റെടുക്കാന്‍ ആളില്ലാത്തതിനെത്തുടര്‍ന്ന് മുടങ്ങിയ ടെന്‍ഡറിനാണ് ഇപ്പോള്‍ ജീവന്‍വച്ചത്.
ലൈന്‍വലിയുടെ അനുബന്ധ പ്രവൃത്തിയായി മഞ്ചേശ്വരം, കാസര്‍കോട് (വിദ്യാനഗര്‍) സബ്‌സ്റ്റേഷനുകളില്‍ 'ബേ നിര്‍മാണം' നേരത്തേ തുടങ്ങിയിരുന്നു. ലൈന്‍ കടന്നുവരാനുള്ള സ്ഥലവും ഉപകരണങ്ങളുമാണ് ബേ നിര്‍മാണത്തിലുള്ളത്. ഇതുള്‍പ്പെടെയുള്ള ആദ്യഘട്ട പ്രവൃത്തിക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി രൂപയാണ് അനുവദിച്ചത്.
നാല് ഘട്ടങ്ങളിലായി നടക്കുന്ന പ്രവൃര്‍ത്തിയുടെ ഒന്നാംഘട്ട നിര്‍മാണത്തിന് പ്രസരണവിഭാഗം കോഴിക്കോട് നോര്‍ത്ത് ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍നിന്ന് ടെന്‍ഡര്‍ വിളിച്ചിരുന്നു. അട്ടഗോളിമുതല്‍ വിദ്യാനഗര്‍വരെയുള്ള പ്രവൃത്തിയാണിത്. അഞ്ചുകോടി രൂപയാണ് അടങ്കല്‍ത്തുക. ആദ്യ ടെന്‍ഡറില്‍ ഒറീസയില്‍നിന്നുള്ള ഒരു കമ്പനി പങ്കെടുത്തു. ഒരു കമ്പനിയുടെമാത്രം ടെന്‍ഡര്‍ വന്നതിനാല്‍ റീ ടെന്‍ഡര്‍ നടത്തിമാത്രമേ കരാര്‍ നല്കാന്‍ പാടുള്ളൂ എന്ന നിയമമുള്ളതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചു. ഇങ്ങനെ മൂന്നുതവണ വിളിച്ചിട്ടും ആരും വന്നില്ല. ഈ കാരണത്താലാണ് പ്രവൃത്തി ഘട്ടംഘട്ടമായി വീതിച്ചത്. നിബന്ധനകളും പ്രവൃത്തിക്ക് തടസ്സമായിരുന്നു.
മൂന്നുവര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരുകോടി രൂപയുടെ പ്രവൃത്തി നടത്തിയ കരാറുകാര്‍ക്കുമാത്രമേ നിലവില്‍ ടെന്‍ഡറിന് അപേക്ഷിക്കാന്‍ സാധിക്കൂ എന്നത് ഒരു പ്രധാന നിബന്ധനയായിരുന്നു. ഇത് കേരളത്തിനകത്തെ കരാറുകാര്‍ക്ക് വിലങ്ങുതടിയായി. ഒപ്പം മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും നിര്‍ബന്ധമാണ്. എസ്റ്റിമേറ്റ് നിരക്കും പഴയതായിരുന്നു.
തവിടുഗോളിവരെ 30 കിലോമീറ്റര്‍ കേരള വൈദ്യുതിവകുപ്പിന്റെ ദുര്‍ബലമായ ടവറുകളിലൂടെയാണ് ഇപ്പോള്‍ വൈദ്യുതിയെത്തുന്നത്. ഇതിനിടയില്‍ 170-ഓളം ടവറുകളുണ്ട്. ഇതില്‍ ഭൂരിഭാഗവും 1965 കാലത്ത് നിര്‍മിച്ചവയാണ്. 35 വര്‍ഷത്തിലധികം പഴക്കമുള്ള കെ.എസ്.ഇ.ബി.യുടെ ടവറുകള്‍ക്ക് കൂടുതല്‍ വൈദ്യുതി വഹിക്കാനുള്ള ശേഷിയില്ല. ഇതുമൂലം കേരളത്തിന് കര്‍ണാടക നല്കാമെന്നറിയിച്ച 30 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കാതായി. ടവറുകള്‍ കൂടുതല്‍ ദുര്‍ബലമായതുകാരണം 16 മെഗാവാട്ട് വൈദ്യുതിമാത്രമാണ് കിട്ടുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam


No comments:
Post a Comment