Latest News

മഴയത്ത് മക്കള്‍ പുറന്തള്ളിയ വൃദ്ധയെ പൊലീസ് ആസ്പത്രിയിലാക്കി

കൊച്ചി: [www.malabarflash.com] നൊന്തുപെറ്റ സ്വന്തം അമ്മയെ കോരിച്ചൊരിയുന്ന മഴയത്ത് മക്കള്‍ വീട്ടില്‍ നിന്നും പുറംതള്ളി. തൊണ്ണൂറുകഴിഞ്ഞ കുണ്ടന്നൂര്‍ പണ്ടാരക്കാട്ടില്‍ ചാക്കമ്മക്കാണ് ഈ ദുരവസ്ഥ. എസി ഘടിപ്പിച്ച മണിമാളികകളില്‍ കഴിയുന്ന മക്കളാണ് അമ്മയോട് ഈ കൊടും ക്രൂരത കാട്ടിയത്. 

തീര്‍ത്തും അവശയായി വീടിന് സമീപമുള്ള ചാര്‍ത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കാണപ്പെട്ട ഇവരെ സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി രക്ഷിക്കുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയില്‍ ചോര്‍ന്നൊലിക്കുന്ന ചാര്‍ത്തില്‍ മലമൂത്രത്താല്‍ അറപ്പുളവാക്കുന്ന അവസ്ഥയില്‍ കാണപ്പെട്ട ഇവര്‍ക്ക് ചലിക്കാന്‍ പോലുമുള്ള ആരോഗ്യമില്ലായിരുന്നു.

പൊലീസ് എത്തി ഇവരെ പുറത്തെടുത്തതോടെ മക്കള്‍ അമ്മയെ കുളിപ്പിച്ച് വൃത്തിയാക്കാന്‍ തുടങ്ങി. എന്നാല്‍ മരുമക്കളാരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. പിന്നീട് ഇവരെ പൊലീസ് എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പത്ത്മണിയോടെയാണ് മക്കള്‍ അമ്മയോട് ചെയ്തുവന്ന ക്രൂരത നാടറിഞ്ഞത്. 42 വര്‍ഷം മുമ്പ് മഞ്ഞപിത്തം ബാധിച്ചാണ് ചാക്കമ്മയുടെ ഭര്‍ത്താവ് കൊച്ചാട്ടോ മരിച്ചത്്. പിന്നീട് സമീപത്തെ ദേവിക്ഷേത്രത്തില്‍ അടിച്ചുതളി നടത്തിയാണ് ചാക്കമ്മ മക്കളെ വളര്‍ത്തിയത്. ഒരു മകളും വേലായുധന്‍, സുരേന്ദ്രന്‍, ഭുവനചന്ദ്രന്‍ എന്നീ മൂന്ന് ആണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. ഇതില്‍ രണ്ടുപേര്‍ മത്സ്യതൊഴിലാളികളും ഒരാള്‍ കൂലിപ്പണിക്കാരനുമാണ്.


കുടുംബഭൂമി വീതംവച്ച് നല്‍കിയ സ്ഥലത്ത് വീടുവച്ചാണ് ആണ്‍മക്കളുടെ താമസം. ഇതിനുസമീപത്തായുള്ള ചെറിയ ചായ്പ്പിലാണ് വാര്‍ധക്യത്തിന്റെ അവശതകളുമായി കഴിഞ്ഞിരുന്ന അമ്മയെ ഇവര്‍ ഉപേക്ഷിച്ചത്. ഒരു മഴപെയ്താല്‍ വെള്ളം നിറയുന്നതാണ് ഈ ചായ്പ്. മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ ജീവന്‍മാത്രം ബാക്കിയുള്ള നിലയിലായിരുന്നു പൊലീസെത്തുമ്പോള്‍ ചാക്കമ്മ നനഞ്ഞുകിടന്നിരുന്നത്. 

സമീപവാസികള്‍ അറിയിച്ചതിനെതുടര്‍ന്ന് മരട് അഡി.എസ്‌ഐ ശേഖരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അമ്മയെ ചായ്പില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് മക്കളെതന്നെ വിളിച്ച് അവരെ കുളിപ്പിച്ച് വൃത്തിയാക്കിയശേഷം പൊലീസ് വാഹനത്തില്‍ ആസ്പത്രിയിലാക്കി.



Keywords: Kerala News,  Kerala Vartha, Malabarflash, Malabar news, Malayalam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.